പാമ്പാടിയ്ക്ക് പിന്നാലെ പൊൻകുന്നത്തും മുളക് പൊടി ആക്രമണം: പൊൻകുന്നത്ത് കണ്ണിൽ മുളക് പൊടി തേച്ച് ആക്രമിച്ചത് നിസ്കരിക്കുകയായിരുന്ന വീട്ടമ്മയെ ; പാമ്പാടിയിൽ ആക്രമണം നടത്തിയ പ്രതികളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാമ്പാടിയ്ക്ക് പിന്നാലെ പൊൻകുന്നത്തും മുളക് പൊടി ആക്രമണം. പാമ്പാടിയിൽ വയോധികന്റെ വീട് കയറി ആക്രമണം നടത്തിയതിന് പിന്നാലെ , പൊൻകുന്നത്താണ് വീട് കയറി മുളക് പൊടി ആക്രമണം ഉണ്ട്.
പൊന്‍കുന്നത്ത് വീടിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണില്‍ മുളകുതേച്ച്‌ ആക്രമണം. ഇവരും വീട്ടിലുള്ള മറ്റ് സ്ത്രീകളും ബഹളം വെച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടു. പൊന്‍കുന്നം കാവാലിമാക്കല്‍ പി.എ. ബഷീറിന്റെ ഭാര്യ സുബൈദ (62)യ്ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 നായിരുന്നു സംഭവം. സുബൈദയും മകളും മകന്റെ ഭാര്യയും രണ്ടുമുറിയിലായി നമസ്‌കാരം നടത്തുന്നതിനിടെ പിന്നിലൂടെയെത്തിയ ആള്‍ മുഖത്തും കണ്ണിലുമായി മുളക് തേക്കുകയായിരുന്നു. പുരുഷന്മാരാരും വീട്ടിലുണ്ടായിരുന്നില്ല.

സംഭവമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സുബൈദയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ചൊവ്വാഴ്ച സ്ത്രീകളുള്‍പ്പെടുന്ന ഇതരസംസ്ഥാനസംഘം പ്രദേശത്തെ ഏതാനും വീടുകളുടെയും പരിസരത്തിന്റെയും ചിത്രം മൊബൈലില്‍ പകര്‍ത്തിയത് നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പാമ്പാടിയിൽ വയോധികനെ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ബുധനാഴ്ച വെള്ളക്കൂട്ടിൽ സാബു ചാക്കോ (67)യെയാണ് അക്രമി സംഘം ആക്രമിച്ച് കാൽ തല്ലി ഒടിച്ചത്. സംഭവത്തിൽ പരിക്കേറ്റ സാബു ആശുപത്രിയിൽ ചികിത്സയിലാണ്. സാബുവിനെ ആക്രമിച്ചതിന് പിന്നിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്. ഇതിനിടെ സാബുവിനെ മർദിച്ച സംഭവത്തിൽ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി പാമ്പാടി സി ഐ യു.ശ്രീജിത്ത് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group