ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിലും ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിലും മോഷണം ; പോലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് ഒടുവിൽ വലയിൽ ; പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോൾ ആർപ്പുവിളിച്ച് ജനങ്ങൾ
മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ. കൊട്ടാരക്കര ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ് (41)നെയാണ് മാന്നാർപൊലീസ് പിടികൂടിയത്.
ഒരാഴ്ച്ചിക്കിടെ ക്ഷേത്രത്തിൽ അടക്കം 20 ഓളം സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. മാന്നാർ , പരുമല, ചെന്നിത്തല പ്രദേശങ്ങളിലായിരുന്നു മോഷണം. ഒരു വീടിനു നാശനഷ്ടങ്ങളും വരുത്തിയ പ്രതി ഏഴോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തി. എല്ലായിടത്തും സമാനരീതിയിൽ മോഷണം നടന്നതിനാൽ ഇതിനു പിന്നിൽ ഒരാളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങളിലാണ് മോഷ്ടാവ് കുടുങ്ങിയത്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയും, പലതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുമുള്ള പ്രതി ആഴ്ചകൾക്കു മുമ്പാണ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. മാന്നാർ-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സി സി ടി വികൾ പരിശോധിച്ച് സംശയമുള്ളവരെ കേന്ദ്രീകരിച്ച് മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ അടൂർ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മോഷണം നടത്തിയ പ്രദേശങ്ങളിലെ തെളിവെടുപ്പ് നടത്തി. പ്രതിയെ പിടികൂടിയ പോലീസിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ജനങ്ങൾ മുദ്രാവാക്യം വിളിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group