പ്രതിയെ പിടികൂടാതെ മുടി വെട്ടില്ലെന്ന് ശപഥം, അനേകം കേസുകളില്‍ തുമ്പുണ്ടാക്കി ; താനൂരില്‍ പൊലിഞ്ഞവരില്‍ കേരള പൊലീസിലെ മിടുക്കനും
സ്വന്തം ലേഖകൻ
മലപ്പുറം: താനൂര്‍ ബോട്ടുപകത്തില്‍ മരിച്ചവരില്‍ കേരള പൊലീസിലെ മിടുക്കനായ ഓഫീസറും. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും മലപ്പുറം എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് സബറുദ്ദീനാണ് മരിച്ചത്.
മോഷണകേസുകളിലടക്കം നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൊലീസ് ഓഫീസറാണ് സബറുദ്ദീന്‍. മോഷണക്കേസ് പ്രതിയെ പിടികൂടാതെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനുശേഷമാണ് ബാര്‍ബര്‍ ഷോപ്പിലെത്തിയത്. താനൂര്‍ ബീച്ച് മില്‍മ ബൂത്തില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ചയാളെ പിടികൂടാനുള്ള നെട്ടോട്ടത്തിലായിരുന്നു പൊലീസ്. സ്റ്റേഷന് മുന്നില്‍ കൂടിയാണ് സ്‌കൂട്ടറും കൊണ്ട് കള്ളന്‍ കടന്നതെന്ന സി സി ടി വി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ കൂടുതല്‍ തലവേദനയായി. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ പ്രതിയുടെ മുഖം വ്യക്തമായി തെളിഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്‌ടാവിനെ പിടികൂടാന്‍ സാധിക്കാതിരുന്നതിനിടെ മുടിവെട്ടാന്‍ എത്തിയ സബറുദ്ദീന്‍ മുടി വെട്ടാതെ കടയില്‍ നിന്നിറങ്ങിപ്പോയി. തുടര്‍ന്ന് പ്രതിയെ പിടിക്കാതെ മുടി വെട്ടില്ലെന്ന്
സഹപ്രവര്‍ത്തകരോട് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് എട്ടുദിവസങ്ങള്‍ക്ക് ശേഷമാണ് സബറുദ്ദീനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ സലേഷും ചേര്‍ന്ന് പതിനഞ്ചുവയസുകാരനായ പ്രതിയെ പിടികൂടുന്നത്. ഇതിനുപിന്നാലെ മുടിവെട്ടുകയും ചെയ്തു.
താനൂര്‍ ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചെന്നാണ് വിവരം. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. അപകട സമയത്ത് 37 പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സംശയം. അപകടത്തിന് പിന്നാലെ അഞ്ചുപേര്‍ വെള്ളത്തിലേയ്ക്ക് ചാടി നീന്തി രക്ഷപ്പെട്ടിരുന്നു.