play-sharp-fill
ചിലവ് അരക്കോടിയോളം രൂപ; പ്രവർത്തിച്ചത് ഒരു ദിവസം മാത്രം; കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം പരിഹരിക്കാൻ വീണ്ടും യന്ത്രമോ…?

ചിലവ് അരക്കോടിയോളം രൂപ; പ്രവർത്തിച്ചത് ഒരു ദിവസം മാത്രം; കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം പരിഹരിക്കാൻ വീണ്ടും യന്ത്രമോ…?

കോട്ടയം: അരക്കോടിയോളം രൂപ മുടക്കി വാങ്ങിയ പോളവാരല്‍ യന്ത്രം ഒറ്റ ദിവസത്തിനുള്ളില്‍ കേടായെന്നു ജില്ലാ പഞ്ചായത്ത്‌.

എന്നാല്‍, ആ യന്ത്രമൊന്നു കാണണമെന്ന്‌ ജില്ല ലീഗല്‍ സര്‍വിസ്‌ അതോറിറ്റി സെക്രട്ടറി സബ്‌ ജഡ്‌ജ് രാജശ്രീ രാജഗോപാല്‍. കോട്ടയം-ആലപ്പുഴ ജലപാതയിലെ പോള ശല്യം സംബന്ധിച്ച പരാതി പരിഗണിക്കവേ ആയിരുന്നു സെക്രട്ടറിയുടെ പരാമര്‍ശം.


നാലു വർഷം മുമ്പ് അരക്കോടി മുടക്കി ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ദിവസങ്ങൾ മാത്രം പ്രവർത്തിപ്പിച്ച് തകരാറിലായി കായലിൽ തള്ളിയതിന് പിന്നാലെ വീണ്ടും പുതിയ യന്ത്രത്തിന്റെ രൂപകൽപ്പനയ്‌ക്ക് തയ്യാറെടുകയാണ് ജില്ലാ ഭരണകൂടം. സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്കും നൽകാമെന്ന് ഗീർവാണം മുഴക്കി വാങ്ങിയ യന്ത്രം വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് പ്രവർത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോള ശല്യം കൊണ്ട്‌ പടിഞ്ഞാറന്‍ നിവാസികള്‍ പൊറുതിമുട്ടുന്നതിനിടെയാണു ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ ഇടപെടല്‍. പോള വാരല്‍ യന്ത്രം കേടായ വിവരം ജില്ല പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയര്‍ സൂപ്രണ്ടാണ്‌ അറിയിച്ചത്‌. യന്ത്രം ഉപയോഗിച്ച്‌ ഉപരിതലത്തിലെ പോള മാത്രമേ നീക്കാനാവൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.

എന്നാല്‍ യന്ത്രം ഇപ്പോള്‍ എവിടെയാണെന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നല്‍കാനായില്ല. തുടര്‍ന്നാണ്‌ പോള വാരല്‍ യന്ത്രം കാണണമെന്ന്‌ സെക്രട്ടറി ആവശ്യപ്പെട്ടത്‌. അടുത്ത ദിവസം സ്‌ഥലം സന്ദര്‍ശിക്കാനും തീരുമാനിച്ചു.

2018ല്‍ സഖറിയാസ്‌ കുതിരവേലി അധ്യക്ഷനായിരിക്കെയാണ്‌ ഒരു മണിക്കൂറില്‍ അഞ്ചു ടണ്‍ പോള വാരാന്‍ ശേഷിയുള്ള യന്ത്രം വാങ്ങിയത്‌. എന്നാല്‍, കുമരകത്ത്‌ ഉദ്‌ഘാടനത്തിനിടെ കേടായ യന്ത്രം ഏറെക്കാലം വെള്ളത്തില്‍കിടന്ന്‌ തുരുമ്പെടുത്തു. പിന്നീട്‌ കരക്കു കയറ്റി കോടിമതയില്‍ എത്തിച്ചിരുന്നു. യന്ത്രത്തിന്‍റെ സൂക്ഷിപ്പുകാര്‍ കൃഷി വകുപ്പ്‌ ആയതിനാല്‍ അവരെക്കൂടി കേസില്‍ കക്ഷിചേര്‍ക്കാനും തീരുമാനമായി.

മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ കോട്ടയം, ആലപ്പുഴ ജില്ല മേധാവികള്‍ ഹാജരായിരുന്നു. നഗരത്തിലെ മാലിന്യപൈപ്പുകള്‍ ആറ്റിലേക്കു തുറക്കുന്നതിനാലാണ്‌ പോള തഴച്ചുവളരുന്നതെന്ന്‌ ഇവര്‍ പറഞ്ഞു.
ബോട്ടുകളിലെ മാലിന്യം വെള്ളത്തിലേക്കു തള്ളുന്നതും പോള വളരാന്‍ ഇടയാക്കുന്നു. തണ്ണീര്‍മുക്കം ബണ്ട്‌ പൂര്‍ണമായി തുറക്കാത്തതാണ്‌ പോള അടിയാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ ഹാജരാകാതിരുന്ന ഇറിഗേഷന്‍, ജലഗതാഗതവകുപ്പ്‌ പ്രതിനിധികള്‍ക്ക്‌ രജിസ്‌റ്റേഡ്‌ നോട്ടീസ്‌ അയക്കാന്‍ നിര്‍ദേശം നല്‍കി. കേസ്‌ ജൂണ്‍ ആറിനു വീണ്ടും പരിഗണിക്കും.