
ന്യൂഡൽഹി: ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും ഡൽഹി ഹൈക്കോടതി. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പ്രതി ചേർക്കപ്പെട്ടയാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.
2021 ജൂൺ 30ന് 17കാരിയായ പെൺകുട്ടിയെ വീട്ടുകാർ മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുത്തു. എന്നാൽ, കുട്ടിയ്ക്ക് ഇയാൾക്കൊപ്പം നിൽക്കാൻ താത്പര്യമുണ്ടായിരുന്നില്ല.
2021 ഒക്ടോബർ 27ന് കുട്ടി തൻ്റെ ആൺസുഹൃത്തിൻ്റെ വീട്ടിലേക്ക് പോയി. ഇരുവരും പഞ്ചാബിലേക്ക് ഒളിച്ചോടി വിവാഹിതരായി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസ് പരാതിപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം ഇഷ്ടപ്രകാരമാണ് താൻ പ്രതി ചേർക്കപ്പെട്ടയാളെ വിവാഹം കഴിച്ചതെന്ന് കുട്ടി കോടതിയെ അറിയിച്ചു. അയാൾക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കൾ തന്നെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് കാട്ടി കുട്ടി നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കുട്ടി സ്വയം ആൺസുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു പ്രണയബന്ധമാണ്. ഇവർക്കിടയിൽ നടന്ന ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണ്. പെൺകുട്ടി പ്രായപൂർത്തിയാവാത്തയാളാണെങ്കിലും അവളുടെ സമ്മതത്തിന് നിയമപരിരക്ഷയില്ലെങ്കിലും പ്രണയത്തിൽ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ജാമ്യം നൽകുമ്പോൾ പരിഗണിക്കുകയാണെന്നും കോടതി പറഞ്ഞു.