ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒ.എം ജോർജിന് പാർട്ടിക്കുള്ളിൽ നിന്ന് സഹായം: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് വൈകിപ്പിച്ച് പൊലീസ്; പോക്‌സോ കേസിൽ പോലും ഒത്തുകളിച്ച് പൊലീസ്
സ്വന്തം ലേഖകൻ
അട്ടപ്പാടി: വീട്ടിൽ ജോലിയ്ക്ക് നിന്നവരുടെ മകളെ ഒന്നര വർഷത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം മുങ്ങി നടക്കുന്ന കോൺഗ്രസ് നേതാവ് ഒ.എം ജോർജിനെ പിടികൂടാൻ പൊലീസിനു സാധിച്ചില്ല. ജോർജിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പാർട്ടിയ്ക്കുള്ളിൽ വൻ സ്വാധീനമുള്ള ജോർജ്, പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. പാർട്ടിയുടെയും നേതാക്കളുടെയും സഹായം പരമാവധി ലഭിക്കുന്നതിനാൽ പൊലീസിന്റെ ഓരോ നീക്കവും കൃത്യമായി ജോർജിന് ചോർന്ന് ലഭിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ജോർജിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടത്തി പ്രതിയായ ജോർജിന്റെ പാസ് പോർട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വിദേശ രാജ്യങ്ങളിൽ അടക്കം വൻ ബന്ധങ്ങളുള്ള ജോർജ് വ്യാജ പാസ്‌പോർട്ടിൽ രാജ്യം വിടാതിരിക്കാനുള്ള നീക്കമാണ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ പൊലീസ് നടത്തുന്നത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ് നൽകി. എന്നാൽ കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെയാണ് ജോർജ് ഒളിവിൽപോയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഐഎൻടിയുസി നേതാവിനെതിരെ കോൺഗ്രസ് ഒരുനടപടിയുമെടുത്തില്ല. കോൺഗ്രസ് ഭരിക്കുന്ന ബത്തേരി അർബൻ ബാങ്കിന്റെ വൈസ് ചെയർമാനായി ജോർജ് തുടരുന്നുണ്ട്.സൈബർസെല്ലിന്റെ സഹായവുമുണ്ട്. പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഒന്നരവർഷത്തോളം പീഡിപ്പിച്ച ജോർജിനെതിരെ പോക്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ജോർജ് ഉപയോഗിച്ച രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടക, തമിഴ്നാട് പൊലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ ജോർജിനെതിരെ സ്വമേധയാ കേസെടുത്തു. ജോർജിനെ അന്വേഷണ വിധേയമായി പാർടിയിൽനിന്നും സസ്പെൻഡ് ചെയ്തത് ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാനാണ് കോൺഗ്രസ് ശ്രമം.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പൊലീസ് പറഞ്ഞു. ജോർജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തശേഷം പെൺകുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ച കൂടുതൽ പേരെ പ്രതികളാക്കും.