
സ്വന്തം ലേഖിക
തിരുവനന്തപുരം: പതിനാലുകാരിയെ തടഞ്ഞു നിര്‍ത്തി സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ച സെക്യൂരിറ്റി ജീവനക്കാരന് ആറുവര്‍ഷം കഠിനതടവും 25,500 രൂപ പിഴയും വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ രണ്ട് കൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രവീന്ദ്രന്‍ നായര്‍.
തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശനാണ് ശിക്ഷ വിധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ആഗസ്റ്റ് 23 വൈകിട്ട് അഞ്ചരയോടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡില്‍ തിരക്കില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍, പഠനത്തിലും കായിക രംഗത്തും മുന്നിലായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയായിത്തുടങ്ങിയത് വീട്ടുകാരും അധ്യാപകരും ശ്രദ്ധിച്ചുതുടങ്ങി. ഇവര്‍ കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഇയാള്‍ വീണ്ടും കുട്ടിയെ കാണുമ്പോള്‍ അശ്ലീല ചേഷ്ടകള്‍ കാട്ടിത്തുടങ്ങി.
സംഭവത്തില്‍ മനംനൊന്ത് ഒരു ദിവസം കുട്ടി സ്‌കൂളിലിരുന്ന് കരയുന്നത് കണ്ട അധ്യാപിക കാരണം ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.എം. മുബീന എന്നിവര്‍ ഹാജരായി. മൊത്തം 15 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി. പിഴ ചുമത്തിയ തുക പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി ഉത്തരവില്‍ പറയുന്നത്.
മ്യൂസിയം സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.എം.ഷാഫി, ശ്യാംരാജ് ജെ. നായര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.