പതാലിപ്ലാവിന്റെ കാൽ നൂറ്റാണ്ട് കാത്തിരിപ്പിന് വിരാമം; പദ്ധതി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
തേർഡ് ഐ ബ്യൂറോ
മണിമല : ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ 40 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പതാലിപ്ലാവ് കോളനിയുടെ ശുദ്ധജല ക്ഷാമത്തിന് ശാശ്വതപരിഹാരമേകികൊണ്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭൂജല വകുപ്പ് മുഖേന 10 ലക്ഷം രൂപാ അനുവദിച്ച് നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ജോസഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോസഫ് കുഞ്ഞ്, കുടുബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ഉഷാ സുധീർ, ഗുണഭോക്തൃസമിതി കൺവീനർ ബേബിച്ചൻ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനത്തോടനുബന്ധിച്ച് കോളനി നിവാസികൾ സന്തോഷ സൂചകമായ മധുരപലഹാര വിതരണവും നടത്തി. 25 വർഷങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് 1 ½ ഏക്കർ സ്ഥലം വാങ്ങി അക്കാലഘട്ടത്തിൽ മണിമല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തോട്, റോഡ് പുറമ്പോക്കുകളിൽ താമസിച്ചിരുന്ന ഭൂരഹിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ഓരോ കുടുംബത്തിനും 3 സെന്റ് വീതം നൽകി 40 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്ന ഈ കോളനിയിൽ ഒരു കുടുബത്തിനും ഇപ്പോഴും സ്വന്തമായി കുടിവെളളക്കിണറില്ല.
കോളനിയിൽ പണിതിട്ടുളള ഒരു പൊതുകിണറും രണ്ട് കുഴൽകിണറുകളുമാണ് കോളനിനിവാസികളായ 40 കുടുംബങ്ങളുടെ ഏക ആശ്രയം. വേനലാരംഭിക്കുന്നതോടു കൂടി കിണറുകൾ വറ്റിത്തുടങ്ങുകയും കുടിവെളളക്ഷാമം രൂക്ഷമാകുകയും ചെയ്യും.
അതോടുകൂടി നിർധനരായ കോളനി നിവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്ന ദുരിതക്കാഴ്ചയായിരുന്നു വർഷങ്ങളായി പതാലി പ്ലാവിൽ നിലനിന്നിരുന്നത്. ദൂരെ നിന്ന് തലച്ചുമടായും, കൂടാതെ വെള്ളം വിലക്ക് വാങ്ങിയുമായിരുന്നു ഓരോ വേനൽക്കാലത്തും പതാലിപ്ലാവ് കോളനി നീവാസികൾ കുടിവെള്ള ആവശ്യം നിറവേറ്റിയിരുന്നത്.
കോളനി നിവാസികളുടെ ദുരിതം കണ്ടറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈ എടുത്ത് ശുദ്ധജല പദ്ധതി ആവിഷ്ക്കരിച്ച് യാഥാർത്ഥ്യമാക്കിയതോടുകൂടി കോളനി നിവാസികൾ വർഷങ്ങളായി അനുഭവിച്ചിരുന്ന തീരാ ദുരിതം പരിഹരിക്കപ്പെടുകയാണ്.
കോളനിയിലുളള പഞ്ചായത്ത് വക പൊതു സ്ഥലത്ത് കുഴൽ കിണറും പമ്പ് ഹൌസും സ്ഥാപിച്ചുകഴിഞ്ഞു. കോളനിയുടെ ഏറ്റവും ഉയർന്ന പ്രദേശത്ത് പഞ്ചായത്തു വക സ്ഥലത്ത് ഓവർഹെഡ് ടാങ്ക് സ്ഥാപിച്ച് പമ്പിംഗ് മെയിൻ പൈപ്പുകൾ ടാങ്കിൽ വെള്ളം എത്തിച്ച് തുടർന്ന് വിതരണ പൈപ്പുകൾ സ്ഥാപിച്ച് ഓരോ വീടിനും ഹൗസ് കണക്ഷൻ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മൂന്ന് മാസത്തിനുളളിൽ പദ്ധതി പ്രവർത്തനക്ഷമമാക്കി മുഴുവൻ വീടുകളിലും കൂടി വെളളമെത്തിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.