മണ്ണെണ്ണ വിളക്കിനു ചുവട്ടിലെ പഠനം: ആദ്യമായി പുസ്തകം വെളിച്ചം കണ്ടത് അയൽവാസിയുടെ വീടിന്റെ രണ്ടാം നിലയിലിരുന്ന്; കണ്ണീരിന്റെ നനവുള്ള ജീവിതത്തിന്റെ ഓർമ്മകൾ പങ്കു വച്ച് പി.കെ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഡോക്ടറേറ്റ് സർട്ടിഫിക്കറ്റിൽ വീണത് ബിജുവിന്റെ കണ്ണീർ
സ്വന്തം ലേഖകൻ
കോട്ടയം: കണ്ണീരിന്റെ നനവുള്ള ജീവിതത്തിന്റെ ഓർമ്മകൾ തുറന്നു പറയുകയാണ് മുൻ എം.പി കൂടിയായ പി.കെ ബിജു. തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതിനെപ്പറ്റിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി.കെ ബിജു തന്റെ ജീവിതത്തിന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നത്. പട്ടിണികിടന്നതും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതും, മണ്ണെണ്ണവിളക്കിന്റെ ചുവട്ടിലെ പഠനവും എല്ലാം തുറന്നെഴുതിയിരിക്കുകയാണ് ബിജു തന്റെ പോസ്റ്റിൽ.
പി.കെ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ജീവിതത്തിൽ വളരെയേറെ സന്തോഷം തോന്നുന്ന സന്ദർഭങ്ങൾ അപൂർവ്വമായി മാത്രം ഉണ്ടാവുന്നതാണ്. അത്തരമൊരു അപൂർവ്വ സന്ദർഭമാണിത്. വിദ്യാഭ്യാസഘട്ടം ഒരു വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. 1979 ൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായി ചേർന്നത് മുതൽ രസതന്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുന്നവരെയുള്ള ഈ യാത്രയിൽ കടന്നുപോയ വഴികളത്രയും ഓർമ്മയിൽ വരികയാണ്. കഠിനവും കണ്ണുനീരിന്റെ നനവ് പടർന്നതുമായിരുന്നു അതിന്റെ ദിശാസന്ധികൾ. വീണുപോകുമായിരുന്ന ഇടങ്ങളിലെല്ലാം കൈപിടിച്ച് നയിച്ചവർ നിരവധിയുണ്ട്. ഡോക്ടറൽ ബിരുദത്തിന്റെ സർട്ടിഫിക്കറ്റ് അവാർഡ് ചെയ്ത് അത് കയ്യിലേറ്റുവാങ്ങുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ മുഖങ്ങൾ മനസിൽ മിന്നിമറയുകയാണ്.
എന്റെ മാതാപിതാക്കൾ ആഗ്രഹിച്ച സ്‌കൂളിൽ എന്നെ അവർക്ക് ചേർക്കാനായില്ല. നാട്ടിൽ ഒരു സർക്കാർ സ്‌കൂൾ ഉള്ളത് കൊണ്ട് മാത്രം പഠനമാരംഭിക്കാൻ കഴിഞ്ഞയാളാണ് ഞാൻ. അത് മഹാഭാഗ്യമായിട്ടാണ് ഇപ്പോൾ തോന്നുന്നത്. ഈ നാടിനേക്കുറിച്ചും ഈ സമൂഹത്തേക്കുറിച്ചുമുള്ള എന്റെ നിലപാടുകളുടെ അടിത്തറരൂപപ്പെടുത്തിയത്, ഞാൻ പഠിച്ച, പരിമിതികളുടെ നടുവിൽ പ്രവർത്തിച്ചിരുന്ന എന്റെ സ്‌കൂളാണ്. അറിവിന്റെ വെളിച്ചത്തിലേക്ക് ഞങ്ങളുടെ കണ്ണുകൾ തുറന്നുതന്ന അവിടത്തെ അധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു.
എന്നെ സ്‌നേഹിച്ച പലരും അനുകമ്പയോടെ നൽകിയ പഴയ ഉടുപ്പുകളും പഴയ പുസ്തകങ്ങളുമാണ് എന്റെ സ്‌കൂൾ ജീവിതത്തെ മുന്നോട്ട് നയിച്ചത്. അവർ സ്‌നേഹപൂർവ്വം നൽകിയ കഞ്ഞിയും പുഴുക്കും ഞാനെന്ന വിദ്യാർത്ഥിയുടെ വളർച്ചക്കും പഠനത്തിനും നൽകിയ ഊർജ്ജം ചെറുതല്ല. നമ്മളാരും ഒറ്റക്കല്ല എന്ന് ആ മനുഷ്യർ എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ഥലമല്ല ഒരു നാട്, ആ സ്ഥലത്തെ മനുഷ്യരാണ്. പരസ്പരം ചേർത്തുവയ്ക്കപ്പെട്ട അവരുടെ കരങ്ങളെയാണ് ഞാൻ എന്റെ ഗ്രാമമായി ഓർക്കുന്നത്.
പത്താംക്ലാസ് പാസായ ശേഷം പഠനം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാതെ വഴിമുട്ടിയ എന്നെ പ്രീഡിഗ്രി പഠനത്തിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജിൽ ചേർത്ത് പഠിപ്പിക്കാൻ സഹായിച്ചത് മോഹനേട്ടനായിരുന്നു. അധ്യാപകനായ സ്‌കറിയാ മാത്യു സാർ, ആരും അറിയാതെ പുസ്തകങ്ങൾ വാങ്ങി നൽകിയ, എന്റെ അധ്യാപകനും വിൻസന്റ് ഡി പോൾ സെസൈറ്റി അംഗവുമായിരുന്ന സുധാകരൻ സാർ… ആ രണ്ട് വർഷം താണ്ടാൻ എനിക്ക് തണലൊരുക്കിയവരുടെ പട്ടിക ഇവരിലൊതുങ്ങില്ല.
ഒരു പ്രായം വരെ വീട്ടിലെ മണ്ണെണ്ണ വിളക്കിലായിരുന്നു എന്റെ പഠനം. മുതിർന്ന ക്ലാസിലെത്തിയതോടെ അയൽപക്കത്തെ തോമസ്‌ചേട്ടൻ ഇതിനൊരു പരിഹാരമൊരുക്കി. അദ്ദേഹത്തിന്റ വീടിന്റെ ടെറസിൽ എനിക്ക് രാത്രിയിൽ ഇരുന്ന് പഠിക്കാൻ സൗകര്യമൊരുക്കിത്തന്നു. അവിടെ വൈദ്യുതവിളക്ക് തെളിച്ച് തരികയും ചെയ്തു അദ്ദേഹം. അങ്ങനെ എത്രയോ മുഖങ്ങൾ…
ഇവർക്കെല്ലാം അർഹതപ്പെട്ടതാണ് ഈ സർട്ടിഫിക്കറ്റ്.
ഇവർക്കെല്ലാം അർഹതപ്പെട്ടതാണ് ഈ സർട്ടിഫിക്കറ്റ്.
നിർധനനായ എന്നെ വിദ്യാഭ്യാസമുള്ള പൊതുപ്രവത്തകനാക്കിയ എന്റെ പ്രിയപ്പെട്ട നാട്ടുകാർ, എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത അധ്യാപകർ, പ്രതിസന്ധികളിൽ നെഞ്ചോട് ചേർത്ത് പിടിച്ച എന്റെ സഹപാഠികൾ, ദാരിദ്ര്യത്തോടും ഇല്ലായ്മയോടുമുള്ള പോരാട്ടത്തിൽ, നമ്മളൊന്നാണ് ഈ മണ്ണിൽ എന്നോർമ്മിപ്പിച്ച് കൂടെ നിന്ന സഖാക്കൾ, എല്ലാത്തിനുമുപരിയായി എന്റെ കരുത്തും ശക്തിയുമായി നിന്ന് , രാവും പകലുമില്ലാതെ ഞങ്ങൾക്ക് വേണ്ടി വെയിലത്തും മഴയത്തും കഷ്ടപ്പെട്ട, കർഷകത്തൊഴിലാളികളായ എന്റെ മാതാപിതാക്കൾ…
അവരുടേതാണ് ഈ ഡോക്ടറേറ്റ്.
Related
Third Eye News Live
0