play-sharp-fill
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ തമ്മിലടി മുറുകുന്നു: യു.ഡി.എഫ് വാഗ്ദാനം അഞ്ചു സീറ്റ് മാത്രം: സീറ്റ് തർക്കം പൊട്ടിത്തെറിയിലേയ്ക്ക്

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ തമ്മിലടി മുറുകുന്നു: യു.ഡി.എഫ് വാഗ്ദാനം അഞ്ചു സീറ്റ് മാത്രം: സീറ്റ് തർക്കം പൊട്ടിത്തെറിയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്ക്

തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും എം വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് വലിയൊരളവുവരെ ആശ്വാസമായി ജോസഫ് കേന്ദ്രങ്ങൾ സമാധാനിച്ചിരുന്നു.


അതിനിടയ്ക്കാണ് പാളയത്തിലെ പട തീരാത്ത തലവേദനയായി മാറിയിരിക്കുന്നത്. ജോസഫ് വിഭാഗത്തിൽ പ്രബലമായ രണ്ട് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത അതിൻറെ എല്ലാ സീമകളെയും ലംഘിച്ചിരിക്കുകയാണ്. പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കുവാൻ മോൻസ് ജോസഫ് എംഎൽഎ യുടെ യും മുൻ എം പി കെ ഫ്രാൻസിസ് ജോർജ്ജിന്റെയും നേതൃത്വത്തിൽ നടക്കുന്ന അധികാര വടംവലി പി ജെ ജോസഫിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യസഭ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയവും അത് സൃഷ്ടിച്ച അലയൊലികളും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, വിക്ടർ ടി തോമസ്, വി ജെ ലാലി, വർഗീസ് മാമൻ,ഡി.കെ.ജോൺ , കുഞ്ഞു കോശി പോൾ, റോജസ് സെബാസ്റ്റ്യൻ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് മാർ, പ്രിൻസ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവരാണ് ഈ പക്ഷത്ത് സജീവമായി നിലയുറപ്പിച്ചത്.

മറു ചേരിയിൽ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചൻ മറ്റത്തിൽ, സജി മഞ്ഞക്കടമ്പിൽ, സാജൻ ഫ്രാൻസിസ്, മൈക്കിൾ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണിൽ,ഷീല സ്റ്റീഫൻ എന്നീ പ്രമുഖരും ഉണ്ട്. രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചർച്ചാവേളയിലും വിട്ടു നൽകണമെന്നായിരുന്നു മോൻസ് ജോസഫ് അടങ്ങുന്ന നേതൃനിരയുടെ അഭിപ്രായം.തത്വത്തിൽ ജോസഫിനും ആദ്യ റൗണ്ടിൽ ഇതേ അഭിപ്രായമായിരുന്നു.

പക്ഷേ ഫ്രാൻസിസ് ജോർജ് ,ജോയി എബ്രഹാം അടങ്ങുന്ന രണ്ടാം നിരക്കാർ യുഡിഎഫ് അനുകൂല നിലപാട് ഉയർത്തി വോട്ട് ചെയ്യുകയും മറു പക്ഷത്തിന് വിപ്പ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഈ തീരുമാനം പിന്നീട് ജോസഫ് അംഗീകരിച്ചു നടപ്പിലാക്കി.സ്പീക്കർക്ക് പരാതി ജോസ് കെ മാണി പക്ഷം നൽകിയപ്പോൾ തന്നെ അപകടം മണത്ത ജോസഫ് വിഭാഗം ചില മധ്യസ്ഥരെ ഉപയോഗിച്ച് ജോസ് കെ മാണിയെ സ്വാധീനിക്കാൻ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല.

ഹൈക്കൊടതിയിൽ നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉള്ള കേസിൽ ഉണ്ടായ സ്റ്റെ താൽക്കാലിക വിജയം മാത്രമാണെന്നും മേൽകോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായി യാതൊരു വിജയവും ഉണ്ടാകാൻ ഇടയില്ലെന്നും ജോസഫ് പക്ഷം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്പീക്കർക്കും ജോസ് പക്ഷത്തിന് അനുകൂലമായ നിയമോപദേശം ആണ് ലഭിച്ചിരിക്കുന്നത്.

ഒരുപക്ഷേ അയോഗ്യതയിലേക്കും അതുവഴി ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യത്തിലേക്കും പി ജെ ജോസഫിനേയും മോൻസിനെയും കൊണ്ട് ചെന്ന് എത്തിച്ചത് ഫ്രാൻസിസ് ജോർജിന്റേയും ജോയ് എബ്രഹാത്തിന്റെയും പിടിവാശി ആണെന്ന് മോൻസ് ജോസഫ് എംഎൽഎയെ അനുകൂലിക്കുന്നവർ കരുതുന്നു. പി.ജെ ജോസഫിന്റെ മകൻ അപ്പു ജോസഫിനും ഇതേ അഭിപ്രായമാണുള്ളത്.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിൻസ് ലൂക്കോസിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നതിൽ സജി മഞ്ഞക്കടമ്പൻ അസ്വസ്ഥനാണ്.കേരള കോൺഗ്രസ് എമ്മിൽ ഉണ്ടായിരുന്ന സമയത്ത് സജിയും പ്രിൻസും കീരിയുംപാമ്പും ആയിരുന്നു.തിരുവല്ല സീറ്റ് ഓഫർ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ കോൺഗ്രസിൻറെ സമ്മർദത്തിന് വഴങ്ങി സ്വീകരിച്ചത് വിക്ടർ ടി തോമസിനും എതിരഭിപ്രായം ഉണ്ടാക്കി.കുട്ടനാട് സീറ്റിൽ തനിക്കെതിരെ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ തന്നോട് ആലോചിക്കാതെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പഴയ ജോസഫ് വിഭാഗക്കാരും പുതിയ മാണി കാരും തമ്മിലുള്ള ശീതസമരം അതിൻറെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഉൾപ്പാർട്ടി കലാപമായി മാറിയിരിക്കുകയാണ്. ഇതിനിടെ പുതിയ പാർട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോട്ടയം ജില്ലയിൽ ഫ്രാൻസിസ് ജോർജ് പക്ഷത്തെ പ്രമുഖ നേതാവായ വക്കച്ചൻ മറ്റത്തിലിന്റെ വീട്ടിൽ ജോസഫും ഏറ്റവും അടുത്ത അനുയായികളും ചേർന്നതിൽ മോൻസ് കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

തന്നോട് ആലോചിക്കാതെ തന്നെ ഉൾപ്പെടുത്താതെ ഇത്തരമൊരു ഗ്രൂപ്പ് യോഗം ജോസഫ് വിളിച്ചു ചേർത്തതിൽ മോൻസ് അതീവ ദുഃഖിതനാണ്. ജോസഫിനുണ്ടായ പ്രതിസന്ധിഘട്ടത്തിൽ ഏല്ലാം സാമ്പത്തികമായി സർവ്വവിധ സഹായം നൽകുകയും കേസിലെ എല്ലാ ഘട്ടത്തിലും കോൺഗ്രസ് നേതൃത്വത്തെ കൊണ്ട് ഇടപെടൽ നടത്തിക്കുകയും ചെയ്ത തന്നോട് പാർട്ടിനേതൃത്വം കാണിക്കുന്ന അവഗണനയിൽ യുഡിഎഫ് നേതൃത്വത്തെ തന്റെ പ്രതിഷേധം മോൻസ് ജോസഫ് അറിയിച്ചിട്ടുണ്ട്.

പി.ജെ ജോസഫിനൊപ്പം സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് നിന്ന തനിക്ക് ഇന്നലെ മാത്രം പാർട്ടിയിൽ വന്ന ഫ്രാൻസിസ് ജോർജിന് കിട്ടുന്ന സ്വീകാര്യതയും പരിഗണനയും ലഭിക്കാത്തത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എഫ് തോമസ് അനുസ്മരണ ചടങ്ങിൽ മോൻസ് പങ്കെടുക്കാതെ വിട്ടു നിന്നത് രൂക്ഷമായ അഭിപ്രായ വ്യത്യാസം കൊണ്ടാണെന്നാണ് സൂചന.

തൊടുപുഴ സീറ്റിൽ ഇക്കുറി തനിക്ക് പകരം മകൻ അപു ജോൺ ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ജോസഫിന് ആഗ്രഹം. പക്ഷേ ജോസഫ് മാറിക്കഴിഞ്ഞാൽ സീറ്റ് തനിക്ക് വേണമെന്ന് എം ജെ ജേക്കബ് ആവശ്യപ്പെട്ടത് ജോസഫിന് ഉണ്ടാക്കിയ അമർഷം ചെറുതൊന്നുമല്ല.ജേക്കബ് വേണമെങ്കിൽ ജില്ലാ പഞ്ചായത്തിൽ പോയി മത്സരിച്ചോ എന്നാണ് ജോസഫ് അറിയിച്ചത്. തൊടുപുഴ സീറ്റ് കണ്ടു പനിക്കേണ്ടെന്നും ജോസഫ് മുഖത്തടിച്ച് പറഞ്ഞതായാണ് വിവരം.

ഇതിൽ ദുഃഖിതനായ ജേക്കബ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് മക്കളോടൊപ്പം താമസിക്കുന്നതിനായി അമേരിക്കയിലേക്ക് പോകുവാൻ ശ്രമിക്കുകയാണ് എന്നാണ് വിവരം. കുട്ടനാട് സീറ്റ് മാധ്യമങ്ങളുടെ മുമ്പിൽ തനിക്ക് ആണെന്ന് പറഞ്ഞ ശേഷം യുഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട ജോസഫിൻറെ നിലപാടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിച്ച മാണി വിഭാഗം നേതാവിനെ പാർട്ടിയിൽ കൊണ്ടുവരികയും ചെയ്തത് ജേക്കബ് എബ്രഹാമിന് പി.ജെ ജോസഫിനോടുള്ള അകൽച്ച വർധിപ്പിക്കാൻ ഇടയാക്കി.

ഇതിനിടെ 14നിയമസഭ സീറ്റാണ് കോൺഗ്രസ് നേതൃത്വത്തോട് ജോസഫ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതൃത്വം മറുപടി നൽകിയത് ആറു സീറ്റ് എന്നതും. അതിൽ ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും ഉൾപ്പെടുന്നില്ല താനും. നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, തിരുവല്ല, കോതമംഗലം, തളിപ്പറമ്പ് സീറ്റുകളിൽ ആരെയൊക്കെ മത്സരിപ്പിക്കും എന്നത് വലിയൊരു പ്രതിസന്ധി ആണെന്ന് ജോസഫിന് അറിയാം. കോതമംഗലം സീറ്റിനെ ചൊല്ലി ഷിബു തെക്കുംപുറവും ഫ്രാൻസിസ് ജോർജും തമ്മിൽ കലഹം തുടങ്ങി കഴിഞ്ഞു.

സീറ്റ് മോഹികളായ ജോണിനെല്ലൂരിനെയും തോമസ് ഉണ്ണിയാടനേയും സജി മഞ്ഞക്കടമ്പനേയും പ്രിൻസ് ലൂക്കോസിനേയും എവിടെ അക്കോമൊഡേറ്റ് ചെയ്യും എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി.ഇനി ഇതെല്ലാം പരിഹരിച്ചാൽ പോലും ഏതു ചിഹ്നത്തിൽ മത്സരിക്കുമെന്നും ഏത് രാഷ്ട്രീയ പാർട്ടിയുടെ പേരിൽ മത്സരിക്കും എന്നും യാതൊരു രൂപവും വന്നിട്ടില്ല .

തെരഞ്ഞെടുപ്പ് കേസ് കോടതി വ്യവഹാരങ്ങളിൽ പെട്ടു നിൽക്കുന്നതിനാൽ പുതിയ പാർട്ടി രൂപീകരിക്കുവാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകുന്നതിന് നിയമപരമായ ബുദ്ധിമുട്ടുണ്ട്.മറിച്ച് ജോസ് വിഭാഗത്തിൽ ആകട്ടെ അസംതൃപ്തർ എല്ലാം പാർട്ടിയിൽ നിന്ന് പോയി കഴിഞ്ഞതിനാൽ പതിവിൽ കവിഞ്ഞ ഐക്യവും കെട്ടുറപ്പും ഉണ്ടു താനും. ഇടതു മുന്നണി പ്രവേശനത്തിന് തയ്യാറായിരിക്കുന്ന ജോസ് വിഭാഗത്തിന് രണ്ടു പാർലമെൻറ് സീറ്റും പന്ത്രണ്ടിലധികം നിയമസഭാ മണ്ഡലങ്ങളുമാണ് ഇടതുമുന്നണി വാഗ്ദാനം നൽകിയിരിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും ലഭിക്കുന്ന ആറ് സീറ്റിൽ ജോസഫ് വിഭാഗത്തിന് രണ്ട് ഇടങ്ങളിൽ മാത്രമാണ് ശുഭപ്രതീക്ഷ ഉള്ളത്. തളിപ്പറമ്പിൽ മത്സരം കാഴ്ച വയ്ക്കാൻ പോലും അവർക്ക് കഴിയില്ല. സി എഫ് തോമസ് അന്തരിച്ചതോടെ ചങ്ങനാശ്ശേരിയും. എം.പി ജാക്സൺ ശക്തമായി രംഗത്ത് വന്നതോടെ ഇരിങ്ങാലക്കുടയും ഉപേക്ഷിക്കേണ്ടിവരും എന്നുള്ളത് പകൽ പോലെ വ്യക്തമായി മാറിയിരിക്കുകയാണ്. തൊടുപുഴയിലും കടുത്തുരുത്തിയിലും കോതമംഗലത്തും തീപാറുന്ന പോരാട്ടം ആണ് നടക്കാൻ പോകുന്നത്.

കോതമംഗലത്ത് ആൻറണി ജോണിലൂടെ മണ്ഡലംതിരിച്ചുപിടിച്ച ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്, കടുത്തുരുത്തി മാണി വിഭാഗത്തിന് പാലായെകാൾ കൂടുതൽ സ്വാധീനമുള്ള മണ്ഡലമാണ്. തൊടുപുഴയിൽ ദുർബലനായ സ്ഥാനാർഥി മത്സരിച്ചത് കൊണ്ടുമാത്രമാണ് ജോസഫിന് മികച്ച ഭൂരിപക്ഷം നേടാനായത്. ഇക്കുറി ചിത്രം മാറുമെന്ന് ജോസഫിന് പോലും അറിയാം. തൊടുപുഴയരാഷ്ട്രീയ പാർട്ടിയുടെ യുടെ ശക്തിയുടെ കണക്കനുസരിച്ച് കേവലം അഞ്ചാം സ്ഥാനത്ത് മാത്രമാണ് ജോസഫ് വിഭാഗം.

സ്വന്തമായി മണ്ഡലത്തിൽ ആകെയുള്ളത് കേവലം 15000 വോട്ട് മാത്രം, മാണി വിഭാഗത്തിന് അഞ്ചായിരത്തിലധികം വോട്ട് ഉണ്ടെന്നുള്ളത് ജോസഫിനും അറിവുള്ള കാര്യമാണ്.തൊടുപുഴയിൽ യുഡിഎഫ് എൽഡിഎഫ് ബലാബലത്തിൽ നിലവിലെ വ്യത്യാസം 10000 വോട്ടുകൾ മാത്രമാണ് കേരളകോൺഗ്രസ് പശ്ചാത്തലത്തിൽ നിന്നും ശക്തനായ ഒരു സ്ഥാനാർഥി വന്നാൽ ജോസഫിന് തോൽവി ഉണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നു. പുറമേ ജോസ് കെ മാണിയെ വെല്ലുവിളിച്ച് അവഹേളിച്ച് ആക്ഷേപിച്ച് നടക്കുന്നുണ്ടെങ്കിലും ജോസഫിൻറെ ഉള്ളിൽ തീ ആണ് എന്ന് വ്യക്തം.

അഞ്ചോ ആറോ സീറ്റ് കൊണ്ട് സീറ്റ് മോഹത്തിൽ മാത്രം തൻറെ കൂടെ വന്ന പതിനാലോളം ആളുകളെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നുള്ളതാണ് അദ്ദേഹത്തിനുള്ള വലിയ വെല്ലുവിളി. പാർട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകൾ തമ്മിലുള്ള കിടമത്സരവും ചിഹ്നവും പേരും ഇല്ലാതെ കേരളരാഷ്ട്രീയത്തിൽ പിടിച്ചു നിൽപ്പ് അസാധ്യമാണെന്ന തോന്നലും 80തിനോടടുത്ത പ്രായവും വെല്ലുവിളികൾ തന്നെയാണ്. പരിണതപ്രജ്ഞനായ ജോസഫ് എങ്ങനെ ഈ വെല്ലുവിളികളെ അതിജീവിക്കും എന്ന് കാത്തിരുന്ന് കാണുകയെ മാർഗ്ഗമുള്ളൂ.