ബസുകൾക്ക് നിറം വീണ്ടും മാറുന്നു; തിളങ്ങുന്ന പിങ്ക് നിറമായി മാറും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ നിറം വീണ്ടും മാറുന്നു. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് മെറൂണിനു പകരം തിളങ്ങുന്ന പിങ്ക് നിറമാണ് നൽകുക. രാത്രിയിലും മഞ്ഞുള്ള സമയത്തും തിളങ്ങുന്ന പിങ്ക് നിറം തിരിച്ചറിയാനാകും. മങ്ങിയ നിറമായ മെറൂൺ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കണ്ടെത്തലും കെ.എസ്.ആർ.ടി.സി. സൂപ്പർക്ലാസുകൾക്കു സമാനമായ നിറമാണിതെന്നും ആക്ഷേപമുയരുന്ന സാഹചര്യത്തിൽ ബസുകളുടെ നിറം മാറ്റാൻ തീരുമാനിച്ചു. കോൺട്രാക്ട് ക്യാരേജുകൾക്കും കളർകോഡ് പരിഗണനയിലുണ്ട്. വൈദ്യുതവാഹനങ്ങൾക്ക് പച്ച നമ്പർപ്ലേറ്റ് നൽകാനുള്ള കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാനത്തു നടപ്പാക്കും.സ്വകാര്യ വൈദ്യുത വാഹനങ്ങൾക്ക് പച്ചയിൽ വെള്ളയിലും ടാക്‌സി വൈദ്യുതവാഹനങ്ങൾക്ക് പച്ചയിൽ മഞ്ഞ നിറത്തിലുമാണ് നമ്പർ രേഖപ്പെടുത്തേണ്ടത്. പൊതുവാഹനങ്ങളുടെ നമ്പറുകൾ മഞ്ഞയിൽ കറുപ്പ് അക്ഷരങ്ങളിലും സ്വകാര്യവാഹനങ്ങളുടേത് വെള്ളയിൽ കറുത്ത അക്ഷരങ്ങളിലുമാണുള്ളത്.മൊഫ്യൂസിൽ ബസുകൾക്ക് ഇളംനീലയും സിറ്റി ബസുകൾക്ക് പച്ചയും ലിമിറ്റഡ് സ്റ്റോപ്പുകൾക്ക് മെറൂണുമായിരുന്നു ഇതുവരെ. മങ്ങിയ നിറമായ മെറൂൺ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗമാണ് ബസുകളുടെ നിറം മാറ്റാൻ തീരുമാനിച്ചത്.