മുഖ്യമന്ത്രിയുടെ ഒപ്പ് ചോർന്ന സംഭവം : സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ; ഉദ്യോഗസ്ഥയെ മാറ്റിയത് സാമൂഹ്യനീതി വകുപ്പിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒപ്പ് ചോർന്ന സംഭവത്തിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. മുഖ്യമന്ത്രി ചികിത്സയ്ക്കായി യുഎസിലായിരുപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി ആരോപണത്തിനു പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത്.
വിവാദത്തെ തുടർന്ന് ഭരണപരിഷ്‌ക്കാര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെയായ ഉദ്യോഗസ്ഥയെയാണ് സ്ഥലം മാറ്റിയത്. ഇവർക്ക് സാമൂഹ്യനീതി വകുപ്പിലാണ് നിയമനം നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണമുയർന്ന ഫയലിനെപ്പറ്റി ഇവർ ബന്ധപ്പെട്ട സെക്ഷനിലെത്തി ചോദിച്ചറിഞ്ഞതായും, ഇതിനുശേഷമാണ് വിവാദമുണ്ടായതെന്ന ആരോപണവുമായി ഇടതുപക്ഷ സംഘടനാ നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
ഫയലിലെ വിവരങ്ങൾ ഉദ്യോഗസ്ഥയ്ക്കു ലഭിച്ചശേഷമാണു വിവരാവകാശം വഴി ബിജെപി നേതാക്കൾ ഫയലിന്റെ പകർപ്പെടുത്തതെന്നും നേതാക്കൾ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് ഈ വിഷയം സർക്കാരിന് മുന്നിൽ എത്തിയതോടെയാണു ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
എന്നാൽ, ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് അണ്ടർ സെക്രട്ടറി മുതൽ ഡെപ്യൂട്ടി സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥരുടെ പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അധികൃതർ നൽകിയിരുന്നത്.
മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടെന്നു ബിജെപി വക്താവ് സന്ദീപ് വാരിയരാണ് ആരോപണം ഉന്നയിച്ചത്.ഇതിനിടെ മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള ഫയലിലെ ഒപ്പ് തന്റേതുതന്നെയാണെന്നും അതു വ്യാജമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം നൽകിയിരുന്നു.