സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വരച്ച വരയിൽ കോൺഗ്രസും ബിജെപിയും ഫ്‌ളാറ്റ്. കോൺഗ്രസിന്റെ വോട്ട് ബാങ്കുകളിൽ കൃത്യമായി വിള്ളൽ വീഴ്ത്താൻ വിജയന്റെ ബുദ്ധിയ്ക്ക് സാധിച്ചതോടെ വിജയം ഇടതിനൊപ്പമെന്ന് ഉറപ്പായി. ശബരിമലയിലെ ഭൂരിപക്ഷ ഹിന്ദു വോട്ട് കൃത്യമായി വിഘടിച്ച് ബിജെപിയ്ക്കും കോൺഗ്രസിനുമായി പോകുമ്പോൾ, പരമ്പരാഗത ഇടത് വോട്ടുകളും ന്യൂനപക്ഷ ക്രിസ്ത്യൻ മുസ്ലീം വിഭാഗത്തിൽ നിന്നും അടർത്തിയെടുത്ത വോട്ടുകളുമായി സുഖമായി ഭരണം പിടിക്കാമെന്ന തന്ത്രമാണ് ഇപ്പോൾ സിപിഎം പയറ്റുന്നത്. ഇത് മനസിലാക്കാതെ ബിജെപിയെയും സിപിഎമ്മിനെയും പ്രതിരോധിക്കാൻ തന്ത്രമില്ലാതെ ഉഴറുകയാണ് കോൺഗ്രസ്.
സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിനു ശേഷം സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കൃത്യമായ നിലപാട് പ്രഖ്യാപിച്ച് ഒരേ രീതിയിൽ ഉറച്ചു നിന്നപ്പോൾ കോൺഗ്രസും ബിജെപിയും അൽപ്പം മടിച്ച് നിൽക്കുകയായിരുന്നു. നാമജപവുമായി ഭക്തർ തെരുവിൽ ഇറങ്ങിയപ്പോൾ മടിച്ചു നിൽക്കാതെ ബിജെപി ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. എന്നാൽ, അപ്പോഴും കോൺഗ്രസ് ആശങ്കയിലായിരുന്നു. സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ മുന്നിൽ നിൽക്കാതിരുന്ന കോൺഗ്രസ് പാർട്ടി ഇടയ്്ക്ക് സമരം അവസാനിപ്പിച്ച് കരയ്ക്കു കയറുകയും ചെയ്തു. ഇതിനിടെ പാർട്ടിയ്ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു തിരിച്ചറിഞ്ഞ രണ്ടാം ഘട്ടമായി വിശ്വാസ സംരക്ഷണ യാത്രയ്ക്ക് കോൺഗ്രസ് ഇറങ്ങിത്തിരിച്ചിട്ടുണ്ട്.
പക്ഷേ, അപ്പോഴേയ്ക്കും കോൺഗ്രസിന്റെ കാൽച്ചുവട്ടിലെ മണ്ണ് ഏറെ ഒലിച്ചു പോയിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കായ നായർ സമുദായത്തിലെ 50 ശതമാനത്തിനു മുകളിലുള്ള വോട്ട് ഇതിനിടെ ബിജെപി പാളയത്തിൽ എത്തി. ആചാര സംരക്ഷണത്തിനായി ഹൈന്ദവ സംഘടനകൾക്കൊപ്പം ബിജെപി മുന്നിൽ നിന്നതോടെയാണ് ആടി നിന്ന നായർ വോട്ടുകളിൽ ഏറെയും ബിജെപി പാളയത്തിലേയ്ക്ക് എത്തിയത്. സിപിഎമ്മിന് ലഭിച്ചിരുന്ന നായർ ഈഴവ വോട്ടുകളിൽ പക്ഷേ, അപ്പോഴും കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു. ഇതു തന്നെയായിരുന്നു പിണറായി വിജയന്റെ തന്ത്രവും. ശബരിമലയിൽ ഹിന്ദുവിലുണ്ടാകുന്ന വിള്ളൽ വോട്ട് കോൺഗ്രസിനും ബിജെപിയ്ക്കും വീതം വച്ചു പോകുമ്പോൾ അടുത്ത തവണയും സുഖമായി അധികാരത്തിൽ എത്താമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.
നിലവിൽ 40 ശതമാനം വരെ വോട്ട് തങ്ങളുടെ അക്കൗണ്ടിൽ സേഫാണെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ. നിഷ്പക്ഷരും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരുമായി അറ് ശതമാനത്തിന്റെയെങ്കിലും വോട്ട് അക്കൗണ്ടിൽ എത്തിക്കാനാവുമെന്നാണ് സിപിഎമ്മിന്റെ കണക്ക് കൂട്ടൽ. ഇത്തരത്തിൽ ലഭിക്കുന്ന വോട്ട് കൃത്യമായി ലഭിച്ചാൽ വിജയം ഉറപ്പാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 46 ശതമാനത്തിന്റെ ബാക്കി വോട്ട് കോൺഗ്രസും ബിജെപിയും തുല്യമായി പിടിച്ചാൽ സുഖമായി ഭരണം തുടരാമെന്നാണ് സിപിഎം പ്രതീക്ഷ.