മകളുടെ ഫേസ്ബുക്ക് പ്രണയം, അമ്മയുടെ ജീവനെടുത്തു
സ്വന്തം ലേഖകൻ
കുളത്തൂപ്പുഴ : പ്രണയ നൈരാശ്യത്തെ തുടർന്ന് മകളുടെ ഫേസ്ബുക്ക് കാമുകൻ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ. വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസിനെയാണ് (48) മകളുടെ കാമുകൻ മധുര അനുപാനടി ബാബു നഗർ ഡോർ നമ്പർ 48-ൽ സതീഷ് (27) പട്ടാപ്പകൽ കുത്തിക്കൊന്നത്. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ വന്ന ടാക്‌സി കാറും ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടിൽ വച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്‌സൽ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം വാർന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീണു. തുടർന്ന് നട്ടുകാർ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. വർഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : മേരിക്കുട്ടിയുടെ മൂത്തമകൾ ലിസ മുംബയിൽ നഴ്‌സാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ സതീഷ് വിവാഹ അഭ്യർത്ഥന നടത്തിയപ്പോൾ വീട്ടുകാർ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസം ലിസയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവർ വീട്ടിലുണ്ടാകുമെന്ന ധാരണയിൽ ഒൺലൈൻ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാൻ കഴിയാത്തതിനെ തുടർന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. കുളത്തൂപ്പുഴ സി.ഐ. സി.എൽ. സുധീർ, എസ്.ഐ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.