
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെമുഖ്യമന്ത്രി സ്ഥാനം രാജി വച്ച പിണറായി വിജയന് ചിന്താ ഫ്ളാറ്റില്‍ മുറി ഒരുങ്ങുന്നു. മൂന്നാം നിലയിലെ 3A, 3B മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്ളാറ്റിന്റെ മുറി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസവും പിണറായി വിജയന് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. കണ്ണൂരില്‍ നിന്നും പുറപ്പെട്ട പിണറായി വിജയനെ സ്വീകരിക്കാന്‍ വി ശിവന്‍കുട്ടിയും വി ജോയിയും എഎ റഹീമും വിമാനത്താവളത്തിലെത്തിയിരുന്നു. എകെജി സെന്ററിലെ വാഹനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര. നാളെയാണ് ക്ലിഫ് ഹൗസ് ഒഴിയുക.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന് എത്തിയേക്കില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം മാറി നില്‍ക്കുമെന്നാണ് വിവരം. കേന്ദ്ര കമ്മിറ്റി അംഗം കെഎന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യത്തിൽ ധാരണയുണ്ടാകും.






