പിണറായിയുടെ പിടിവാശിയ്ക്ക് മുടക്കാൻ കോടികളുണ്ട്: ആൾക്കൂട്ട കൊലയ്ക്ക് വിധേയനായ മധുവിന് വേണ്ടി മുടക്കാൻ ചില്ലിക്കാശില്ല; മരിച്ചിട്ടും മധുവിന് വിശപ്പടക്കാനാവുന്നില്ല..!

പിണറായിയുടെ പിടിവാശിയ്ക്ക് മുടക്കാൻ കോടികളുണ്ട്: ആൾക്കൂട്ട കൊലയ്ക്ക് വിധേയനായ മധുവിന് വേണ്ടി മുടക്കാൻ ചില്ലിക്കാശില്ല; മരിച്ചിട്ടും മധുവിന് വിശപ്പടക്കാനാവുന്നില്ല..!

തേർഡ് ഐ ബ്യൂറോ

വയനാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയ്ക്കു വേണ്ടി കോടികൾ മുടക്കിയ സർക്കാരിനു ആൾക്കൂട്ട വിചാരണയ്ക്കിടയായി കൊല്ലപ്പെട്ട മധുവിനു വേണ്ടി നൽകാൻ ചില്ലിക്കാശില്ല..! മധുവിന്റെ വിചാരണയ്ക്കായി സർക്കാർ നിയമിച്ച് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ പണമില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ പിൻവലിച്ചതോടെയാണ് വിഷയത്തിലെ ഇടതു സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തായത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയ സെൻകുമാറിന്റെ ഹർജിയിൽ മറുപടി പറയാൻ വേണ്ടി മാത്രം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും അടക്കം കോടികൾ മുടക്കിയ സർക്കാരിനാണ് പട്ടിണികിടന്നും തല്ലുകൊണ്ടു മരിച്ച മധുവിനു വേണ്ടി മുടക്കാൻ ചില്ലിക്കാശില്ലാത്തത്.
കഴിഞ്ഞ ഫെബ്രുവരി 22 നാണ് മധുവിനെ ഒരു സംഘം ആളുകൾ തല്ലിക്കൊന്നത്. കേസിൽ 16 പ്രതികളാണ് ഉണ്ടായിരുന്നത്. അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിയതോടെ പതിനാറ് പ്രതികൾക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. മധുവിനെ കൊലപ്പെടുത്തിയ സംഭവം വിവാദമായതോടെയും, കേരളം മുഴുവൻ ചർച്ച ചെയ്യുകയും ചെയ്തതോടെയാണ് നിയമമന്ത്രി എ.കെ ബാലൻ മധുവിന്റെ കേസിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടറെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. കേസ് വിചാരണ ഘട്ടത്തിലേയ്ക്കു കടക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി സർക്കാർ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം റദ്ദ് ചെയ്ത ഉത്തര് പുറത്തിറക്കിയിരിക്കുന്നത്.
സ്‌പെഷ്യൽ പ്രോസിക്യുട്ടർ നിയമനത്തിനു സർക്കാർ അനുവദിച്ച ഫീസ് നിലവിൽ നിയമിച്ച അഭിഭാഷകൻ അംഗീകരിക്കാത്തതിനാലാണ് നിയമനം റദ്ദ് ചെയ്യുന്നതെന്നാണ് ആ്ഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ, തന്റെ പക്കൽ നിന്നു സമ്മതപത്രം ഒപ്പിട്ട് വാങ്ങുക മാത്രമാണ് ചെയ്തതെന്നും ഫീസ് എത്രയാണെന്നു പറഞ്ഞിട്ടില്ലെന്നും സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ട അഡ്വ.പി.ഗോപിനാഥ് പറഞ്ഞു. ഇടത് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സുപ്രീം കോടതിയിൽ വിവിധ കേസുകൾക്കു വേണ്ടി ഹാജരാകുന്നതിനു വേണ്ടി സർക്കാർ പ്രമുഖ അഭിഭാഷകർക്കായി ചിലവഴിച്ചത് 2.59 കോടി രൂപയാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. സർക്കാരിനു താല്പര്യമുള്ള കേസുകളിൽ ഇത്തരത്തിൽ കോടികൾ ചിലവഴിക്കുമ്പോഴാണ് ഒരു സാധാരണക്കാരനു നീതി ലഭിക്കുന്ന വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് നടത്തുന്നത്.