അർഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ
കാസർകോട്: അർഹതപ്പെട്ട സഹായം അനുവദിക്കാതെ കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള കാരണം അറിയാൻ പാഴൂർപടി വരെ പോകേണ്ടതില്ല. ശരാശരി വിവരമുള്ള ആർക്കും അതറിയാം. വിദ്യാനഗഗറിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 ലെ പ്രളയത്തിൽ 38,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭ കണക്കാക്കി. അർഹമായ സഹായം കേന്ദ്ര സർക്കാർ തന്നില്ല. സഹായിക്കാൻ വന്നവരെയും തടഞ്ഞു.
2019 ലെ വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും കാലവർഷ കെടുതി അല്ലെന്നാണ് കേന്ദ്രം പറയുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകിയപ്പോൾ കേരളത്തിന് ഒരു പൈസ നൽകിയില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്‌ബോൾ കടമെടുക്കാൻ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അനുവദിക്കാറുണ്ട്.സ്വാഭാവികമായുള്ള കടമെടുപ്പിന് പുറമെയാണിത്. അത് പറ്റില്ലെന്നാണ് കേന്ദ്രം പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തിന് കേന്ദ്രം നൽകാനുള്ള തുകയും തരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാനുള്ള തുകയിൽ ഒരു വിഹിതം അനുവദിച്ചതായി ഈയടുത്ത് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെ വന്നു പിൻവലിച്ചതായുള്ള നോട്ടീസ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കും പണം നൽകുന്നില്ല. ഇതൊന്നും നവകേരള നിർമാണത്തെ ബാധിക്കാതെ നോക്കും. ഇതൊക്കയും അതിജീവിച്ച് പുതിയ കേരള സൃഷ്ടിക്കായി മുന്നോട്ട് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.