സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം:മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സർക്കാർ സർവീസിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു.
2011ൽ നിലച്ച കായിക താരങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള നിയമനമാണ് ഈ സർക്കാറിന്റെ ആയിരം ദിനങ്ങൾ പിന്നിടുമ്‌ബോൾ പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വർഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഓരോ വർഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്. വ്യക്തിഗത ഇനങ്ങളിൽ നിന്നുള്ള 25 പേർക്കും ടീമിനങ്ങളിൽ നിന്നുള്ള 25 പേർക്കുമാണ് ഓരോ വർഷവും ജോലി നൽകുക. ചിലർ ഒന്നിലേറെ വർഷങ്ങളിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏതു ലിസ്റ്റിലാണോ ആദ്യം ഉൾപ്പെട്ടത് എന്ന മുൻഗണനയിലാകും അവർക്ക് നിയമനം നൽകുക.
റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട കായികതാരങ്ങൾക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള സ്ഥാനം നിശ്ചയിക്കും. ഏഷ്യൻ ഗെയിംസ്, ഒളിമ്ബിക്സ് എന്നിവയിൽ ഉൾപ്പെടാത്ത കായിക ഇനങ്ങളിൽനിന്നുള്ളവർക്ക് ഒരു വർഷം ഒരു തസ്തിക എന്ന കണക്കിൽ അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് വർഷം രണ്ടു തസ്തികയും മാറ്റിവെച്ചിരിക്കുന്നു.
കായിക താരങ്ങളുടെ സംരക്ഷണത്തിന് ഉയർന്ന പരിഗണനയാണ് സർക്കാർ നൽകുന്നത്. ഫുട്‌ബോൾ താരം സികെ വിനീത്, വോളിബോൾ താരം സികെ രതീഷ് ഉൾപ്പടെ 169 കായികതാരങ്ങൾക്ക് നിയമനം നൽകി. കേരളാ പോലീസിൽ ഡിപ്പാർട്ട്മെന്റ് ടീം രൂപീകരിക്കാൻ 11 കായിക ഇനങ്ങളിലായി കായികതാരങ്ങളെ നിയമിക്കാൻ 146 ഹവിൽദാർ തസ്തിക രൂപീകരിച്ച് ഉത്തരവിടുകയും ചെയ്തതായി അദ്ദേഹം കൂട്ടിചേർത്തു.