സ്വന്തം ലേഖിക
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിയുടെ ബന്ധുവിനെക്കൊണ്ടു വാങ്ങിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂണിയർ ഡോക്ടർ (പിജി വിദ്യാർഥികൾ) മാർക്കെതിരെയാണ് അന്വേഷണം. ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം സ്വദേശിയായ ബാബു കൈ ഒടിഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ഒടിഞ്ഞ ഭാഗത്ത് ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഒരു ജൂനിയർ ഡോക്ടർ ബന്ധുവിനു കൈവശം നൽകി.
12,500 രൂപ ചെലവ് വരുമെന്നും ആയതിനാൽ പണവും ലിസ്റ്റും കന്പനിയുടെ ഏജന്റ് കൈവശം നൽകിയാൽ മതിയെന്നും ഡോക്ടർ നിർദ്ദേശിച്ചു.
തുടർന്ന് 500 രൂപ പിന്നെ തരാമെന്ന് പറഞ്ഞ് 12,000 രൂപ ഏജന്റിനെ ഏല്പിച്ച ശേഷം രസീതും കൈപ്പറ്റി. അടുത്ത ദിവസം ശസ്ത്രക്രീയാ സമയത്ത് അനുബന്ധ സാധനങ്ങൾ വാങ്ങാൻ ബന്ധു കടയിൽ എത്തിയപ്പോഴാണ് 4000 രൂപ മാത്രമേ മുന്പു വാങ്ങിയ ഉപകരണത്തിന് ആവശ്യമായിട്ടുള്ളൂ എന്നറിഞ്ഞത്.
തുടർന്ന് ബന്ധു ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു. മറ്റൊരു ദിവസം നടന്ന രണ്ടു ശസ്ത്രക്രിയകൾക്ക് 1900 രൂപ വേണ്ടിടത്ത് ഒരു രോഗിയുടെ ബന്ധുവിൽ നിന്ന് 10,000 രൂപയും 10,000 രൂപയുടെ ഉപകരണങ്ങൾക്ക് മറ്റൊരു രോഗിയുടെ ബന്ധുവിൽ നിന്ന് 24,000 രൂപയും മറ്റു രണ്ടു സഹപ്രവർത്തകരായ ഡോക്ടർമാരും കൈപ്പറ്റിയെന്നു പരാതിയിൽ പറയുന്നു.
ജൂനിയർ ഡോക്ടർമാരുടെ നടപടി ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അസ്ഥിരോഗവിഭാഗം മേധാവി ഡോ. എം.സി. ടോമിച്ചൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് നാളെ വകുപ്പ് മേധാവിക്ക് നൽകും.