
സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോൾ പമ്പുകൾ തുറക്കാൻ ജയിൽ വകുപ്പ് ; ജീവനക്കാരായി തടവുപുള്ളികൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: ഭക്ഷണ വിതരണത്തിലെ വൻ വിജയത്തിന് പിന്നാലെ കേരള ജയിൽ വകുപ്പ് മറ്റൊരു പ്രവർത്തന മേഖലയിലേക്ക് കൂടി കടക്കുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോൾ പമ്പുകൾ തുറക്കാനാണ് തീരുമാനം. തടവുപുള്ളികളായിരിക്കും ഇവിടെ ജീവനക്കാർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത് മാതൃകയാക്കിയാണ് കേരള ജയിൽ വകുപ്പും പെട്രോൾ വിതരണത്തിന് തീരുമാനമെടുത്തത്.
ഈ വർഷം നവംബർ-ഡിസംബർ മാസങ്ങൾക്കിടയിൽ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇതിനായി സർക്കാരിൽ നിന്ന് ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ലഭിച്ചു.
പൂജപ്പുര സെൻട്രൽ ജയിൽ, വിയ്യൂർ സെൻട്രൽ ജയിൽ കണ്ണൂർ സെൻട്രൽ ജയിൽ എന്നിവിടങ്ങളിൽ ജയിൽ വകുപ്പിന്റെ സ്ഥലത്ത് തന്നെയാകും പെട്രോൾ പമ്പ്് തുറക്കുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇത് ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും.
ഇവിടങ്ങളിൽ ജോലി ചെയ്യാനായി 15 ഓളം തടവുപുള്ളികളെ തിരഞ്ഞെടുക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് ജോലി. ജയിൽ നിയമപ്രകാരം 160 മുതൽ 180 രൂപ വരെ വേതനം ലഭിക്കും.