കോട്ടയം: എം.സി റോഡരികിലെ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയ എം.ആർഎഫിന്റെ ലോറിയ്ക്ക് തീ പിടിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയോടെ എം.സി റോഡരികിൽ ഗാന്ധിനഗറിനു സമീപമാണ് ലോറിയിൽ നിന്നും തീ പടർന്നത്. വടവാതൂർ എം.ആർ എഫ് ഫാക്ടറിയിൽ നിന്നും ടയർ ലോഡുമായി ഹൈദരാബാദിലേയ്ക്ക് പോകുകയായിരുന്നു ലോറി. പമ്പിനുള്ളിൽ വച്ച് ലോറിയുടെ എൻജിൻ ഭാഗത്ത് തീയും പുകയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ലോറി ഡ്രൈവർ പമ്പിനുള്ളിൽ നിന്നും അതി വേഗത്തിൽ ലോറി എംസി റോഡിലേയ്ക്ക് ഓടിച്ചു മാറ്റി. തീ പടരുന്നതിനു മുൻപ് തന്നെ പമ്പിലെ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിച്ചിരുന്നു. എന്നാൽ, റോഡിലേയ്ക്ക് ഇറക്കിയിട്ടും ലോറിയിൽ നിന്നുള്ള പുക നിയന്ത്രിക്കാൻ സാധിക്കാതെ വന്നു. ഇതോടെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. ഇതിനിടെ ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് അഗ്നി രക്ഷാ സേനാ അധികൃതർ ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. സ്‌റ്റേഷൻ ഓഫിസർ കെ.വി ശിവദാസ്, അസി.സ്റ്റേഷൻ ഓഫിസർ സാബു, ലീഡിംഗ് ഫയർമാൻ സലി, ഫയർമാൻമാരായ ടി.രതീഷ്, ശ്രീലാൽ, അവിനാഷ്, ഫയർമാൻ ഡ്രൈവർ സനിൽ സാം, ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്.
പമ്പിനുള്ളിൽ വച്ച് തീ പടർന്നിരുന്നെങ്കിൽ വൻ അപകടമാകുമായിരുന്നു. പതിനായിരക്കണക്കിനു ലീറ്റർ പെട്രോളും ഡീസലുമാണ് പമ്പിലുണ്ടായിരുന്നത്. ഇതിലേയ്ക്ക് തീ പടർന്നിരുന്നെങ്കിൽ വ്ൻ അപകടമാകും ഉണ്ടാകുക. ലോറി ഡ്രൈവറുടെയും പമ്പ് ജീവനക്കാരുടെയും മനസാന്നിധ്യമാണ് അപകടം ഒഴിവാക്കിയത്.