തിരുവനന്തപുരം:മോഷണ കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനിൽ അന്യായമായി കസ്റ്റഡിയിൽ വെച്ചത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞ് തന്നെ ബലിയാടാകുന്നത് സിഐയും പോലീസുകാരും. ജില്ലാ പോലീസ് മേധാവി അറിഞ്ഞിട്ടില്ലായെങ്കിൽ ഈ പണി നിർത്തി പോകുന്നതാണ് നല്ലതെന്ന് സസ്പെൻഷനിലുള്ള പോലീസുകാരൻ
മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ അന്യായമായി കസ്റ്റഡിയില്‍ വെച്ച സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസുകാരനായ ഉമേഷ് വള്ളിക്കുന്ന് ആരോപിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പോലീസ് ഗുണ്ടാ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന് സസ്‌പെന്‍ഷന്‍ ലഭിച്ച വ്യക്തിയാണ് ഉമേഷ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധുനിക സംവിധാനങ്ങളുള്ള കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ അപ്പപ്പോള്‍ അറിയുമെന്നും അതുകൊണ്ടുതന്നെ ഒരു സ്ത്രീയെ രാത്രിയില്‍ കസ്റ്റഡിയില്‍ വെച്ച സംഭവത്തില്‍ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്നും ഉമേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോലീസ് സ്‌റ്റേഷനുകളിലെ സംവിധാനത്തെക്കുറിച്ച് വിശദമാക്കിയ ഉമേഷ് ഇക്കാര്യം ജില്ലാ പോലീസ് മേധാവി അറിയില്ലെങ്കില്‍ ഈ പണി നിര്‍ത്തി അദ്ദേഹം പോവുകയാണ് നല്ലതെന്നും പറഞ്ഞു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
പേരൂര്‍ക്കട ശ്രീമതി ബിന്ദുവിനെ അനധികൃത കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ എസ് ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തു. അയാള്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. അടുത്ത പടിയായി ഇന്നലെ ASI യെ സസ്പെന്‍ഡ് ചെയ്തു.
അന്ന് രാത്രി GD ചാര്‍ജ് വഹിച്ചിരുന്ന ആളാണ് ASI. ഇനിയും ആര്‍ക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കില്‍ അത് അന്നത്തെ സ്റ്റേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന (പാറാവുകാര്‍) സിപിഒമാര്‍ക്കെതിരെയായിരിക്കും.
അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാകുമ്ബോള്‍ പതിവായി ബലിയാട് ആവുന്നത് GD ഡ്യൂട്ടിക്കാരനും പാറാവുകാരുമാണ്. അതോടുകൂടി വിവാദം അവസാനിക്കുകയും ചെയ്യും.
എന്നാല്‍ സ്വന്തം താല്പര്യ പ്രകാരം ഒരു ജി ഡി ഡ്യൂട്ടിക്കാരനും പാറാവുകാരനും ഒരാളെയും രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ഒരു സബ് ഇന്‍സ്‌പെക്ടറോ സ്റ്റേഷന്‍ ഹൗസ് ഓഫീസറോ വിചാരിച്ചാലും രാത്രി ഒരു വനിതയെ പോലീസ് സ്റ്റേഷനില്‍ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് ശക്തമാണ് പോലീസിലെ മോണിറ്ററിംഗ് സംവിധാനങ്ങള്‍.
സ്വാഭാവികമായും സ്റ്റേഷനുകളില്‍ വനിതകളെ രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ പാടില്ല എന്ന് അറിയുന്നവരും അതിലെ അപകടം അറിയുന്നവരുമാണ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നവര്‍.
എന്നിട്ടും ഒരു സ്ത്രീയെ ഇത്തരത്തില്‍ ടോര്‍ച്ചര്‍ ചെയ്യുകയും പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഉന്നതരുടെ അറിവോടെ തന്നെയാണ്.
1. പോലീസ് സ്റ്റേഷനിലെ രാത്രി കസ്റ്റഡിയിലുള്ള ആളുകളുടെ വിവരം സിറ്റി പോലീസ് കണ്ട്രോള്‍ റൂം കൃത്യമായി ശേഖരിക്കും. അത് കണ്‍ട്രോള്‍ റൂം ജില്ലാ പോലീസ് മേധാവിയെ അറിയിക്കും. ഇത് വയര്‍ലെസ് സംവിധാനത്തില്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനാല്‍ എല്ലാ ഉദ്യോഗസ്ഥരും അറിയുകയും ചെയ്യും.
2. സ്റ്റേഷനില്‍ ഉന്നത നിലവാരമുള്ള 12 സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലെ ദൃശ്യങ്ങള്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമില്‍ കാണാവുന്ന വിധത്തില്‍ സ്‌ക്രീനുകള്‍ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്.
നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരും ഉണ്ട്. (ഇതേ ദൃശ്യങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും സാധാരണഗതിയില്‍ ലഭിക്കും.) അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ കണ്‍ട്രോള്‍ റൂം അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കും.
സിറ്റികളില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. മറ്റു ജില്ലകളില്‍ ഡിവൈഎസ്പി മാര്‍ക്കും.
3. കസ്റ്റഡി വിവരങ്ങള്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കും. രാത്രി രണ്ടോ മൂന്നോ തവണ ഫോണ്‍ മുഖാന്തിരം സ്റ്റേഷനില്‍ സ്റ്റേഷനിലെ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു ഓഫീസര്‍ ഓരോ പോലീസ് സ്റ്റേഷനിലും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായി ഉണ്ടാകും.
കസ്റ്റഡി വിവരങ്ങളോ സ്റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വാഭാവികതകളോ സ്റ്റേഷന്‍ പരിധിയിലെ കുറ്റകൃത്യങ്ങളോ രജിസ്റ്റര്‍ ചെയ്യുന്ന കേസ് വിവരങ്ങളോ തുടങ്ങി ഓരോ ചെറിയ കാര്യങ്ങളും ഈ ഉദ്യോഗസ്ഥന്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിക്കും.
സ്റ്റേഷന്‍ പരിധിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍ വരെ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യും. ഈ വിവരങ്ങള്‍ പ്രയോറിറ്റി അനുസരിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് ചെയ്യും.
4. കസ്റ്റഡി, അറസ്റ്റ് വിവരങ്ങള്‍ സ്റ്റേഷനില്‍ സ്റ്റേഷനില്‍ ഉള്ള ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഓഫീസര്‍ ശേഖരിക്കുകയും എസ് എസ് ബി SPക്ക് ഡിവൈഎസ്പി വഴി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. എസ് എസ് ബി അറിയാതെയും ഒരാളെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധ്യമല്ല.
5. സബ് ഡിവിഷന്‍ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങള്‍ കൃത്യമായി അറിയണം. എസ് എച്ച് ഒ ഇത്തരം വിവരങ്ങള്‍ കൃത്യമായി വിളിച്ചറിയിക്കേണ്ടതുണ്ട്.
എസ് എച്ച് അവധിയിലിരിക്കുമ്ബോള്‍ കൃത്യമായും മറ്റൊരാള്‍ക്ക് എസ് എച്ച് ഒ യുടെ ചുമതല ഡി വൈ എസ്പി ഏല്‍പ്പിച്ചു കൊടുത്തിട്ടുണ്ടാവും. സ്റ്റേഷനിലെ കസ്റ്റഡി വിവരങ്ങള്‍ ഡിവൈഎസ്പി കൃത്യമായി ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യും.
6. എല്ലാ രാത്രികളിലും ‘സബ് ഡിവിഷന്‍ ചെക്ക് ‘ എന്ന പേരില്‍ ഓരോ സബ് ഡിവിഷനിലും ഒരു ഇന്‍സ്‌പെക്ടറുടെയോ സബ് ഇന്‍സ്‌പെക്ടറുടെയോ നേതൃത്വത്തില്‍ പരിശോധന ഉണ്ടാവും.
ഈ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനുകള്‍ പരിശോധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തും. അസ്വാഭാവികമായ കസ്റ്റഡിയോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള മേലധികാരികളെ അറിയിക്കാന്‍ ഈ ഉദ്യോഗസ്ഥന് ചുമതലയുണ്ട്.
7. എല്ലാ രാത്രിയിലും ജില്ലയിലെ മൊത്തത്തിലുള്ള ചുമതല ഒരു ഡിവൈഎസ്പിക്ക് ആയിരിക്കും. (ചില സമയങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്താറുണ്ട്). ഈ ഉദ്യോഗസ്ഥന്‍ രാത്രി പരിശോധനകള്‍ നടത്തുകയും ഓരോ പോലീസ് സ്റ്റേഷനിലും നേരിട്ട് ചെന്ന് പരിശോധന നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അസ്വാഭാവികമായ കാര്യങ്ങള്‍ പരിഹരിക്കുകയും ജില്ലാ പോലീസ് മേധാവിക്ക് അടിയന്തര വിവരങ്ങള്‍ കൈമാറുകയും ചെയ്യും.
ഒരു പോലീസ് സ്റ്റേഷനില്‍ ഒരു വനിതയെ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ ഉദ്യോഗസ്ഥന്‍ അത് ജില്ലാ പോലീസ് മേധാവിയെ അറിയിക്കേണ്ടതുണ്ട്.
ഇത്രയും സംവിധാനങ്ങള്‍ ഉള്ള ഒരു സിസ്റ്റത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പണിയെടുക്കുക മാത്രം ചെയ്യുന്ന താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെയാണ് എപ്പോഴും ബലിയാടാക്കുക.
ആധുനികവും പരമ്ബരാഗതവും സാങ്കേതികവും ആയി വിവിധതരത്തില്‍ കൃത്യമായ മോണിറ്ററിംഗ് സംവിധാനങ്ങളും വിവരശേഖരണ സംവിധാനങ്ങളും ഉള്ള ജില്ലാ പോലീസ് മേധാവിയും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറും കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും കേരള സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗവും സിറ്റിയിലെ രാത്രി ഡ്യൂട്ടിയിലുള്ള ഡിവൈഎസ്പി റാങ്കിലും ഇന്‍സ്‌പെക്ടര്‍ റാങ്കിലും ഉള്ള ഉദ്യോഗസ്ഥരും അറിയാതെ, അവരുടെ സമ്മതമോ നിര്‍ദ്ദേശമോ ഇല്ലാതെ ഒരിക്കലും ഒരു വനിതയെയും രാത്രി പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം.
എസ് എച്ച് ഒ യുടെയോ എസ് എച്ച് ഒ അവധി ആകുമ്ബോള്‍ ചുമതലയിലുള്ള ഉദ്യോഗസ്ഥന്റെയോ നിര്‍ദ്ദേശപ്രകാരം ജോലി ചെയ്യേണ്ടി വരുന്ന ഏറ്റവും താഴെക്കിടയിലുള്ള പോലീസുകാരേക്കാള്‍ ഒരു അനധികൃത കസ്റ്റഡിയുടെ ഉത്തരവാദിത്വം മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരുടെയും സര്‍വോപരി ജില്ലാ പോലീസ് മേധാവിയുടെതുമാണ്.
ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും 20 മണിക്കൂര്‍ നീണ്ട അനധികൃത കസ്റ്റഡി ജില്ലാ പോലീസ് മേധാവി അറിഞ്ഞിട്ടില്ലായെങ്കില്‍ അദ്ദേഹം ഈ പണി നിര്‍ത്തി പോകുന്നതാണ് നല്ലത്.
അറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ വീഴ്ചയാണ്. വലിയ പരാജയവും ആണ്. നടപടി നേരിടേണ്ട ആദ്യത്തെ പേരുകാരനും അയാളാണ്. ബാക്കിയെല്ലാം പ്രഹസനങ്ങള്‍.