play-sharp-fill
വെട്ടും കുത്തും ബോംബേറും അവസാനിപ്പിക്കാൻ കണ്ണൂരിൽ ‘പെൺകെണി’ യുമായി പോലീസ്

വെട്ടും കുത്തും ബോംബേറും അവസാനിപ്പിക്കാൻ കണ്ണൂരിൽ ‘പെൺകെണി’ യുമായി പോലീസ്


സ്വന്തം ലേഖകൻ

കണ്ണൂർ: വെട്ടും കുത്തും ബോംബേറും കൊണ്ട് നിരന്തരം തലവേദനയായി മാറിയിരിക്കുന്ന കണ്ണൂരിൽ പ്രശ്നങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് പോലീസിന്റെ പെൺകെണി. വിവാഹം, കടുംബം എന്നീ ആയുധങ്ങൾ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും പെട്ടുപോയ യുവാക്കളെ നേർവഴിക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് തയ്യാറാകുന്നത്. പാനൂർ ജനമൈത്രി പോലീസിന്റേതാണ് ഇടപെടൽ. ആറു മാസം മുമ്പ് പാനൂർ പോലീസ് തയ്യാറാക്കിയ ‘ഇൻസൈറ്റ്’ പദ്ധതി പച്ചപിടിച്ചു തുടങ്ങി.

നിയമപരിപാലനത്തിലൂടെ കണ്ണൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ഇതിനകം ബോദ്ധ്യപ്പെട്ടതോടെയാണ് പോലീസ് വേറെ മാർഗ്ഗം സ്വീകരിക്കുന്നത്. സംഘർഷങ്ങളിൽ അനേകർക്ക് ജീവൻ നഷ്ടമായ പാനൂരിലെ യുവാക്കളിൽ വിവാഹിതരാകാത്തവരെ കല്യാണം കഴിപ്പിച്ച് ഉത്തരവാദിത്വമുള്ള കുടുംബ നായകന്മാരാക്കി പ്രശ്നങ്ങളിൽ നിന്നും നീക്കി നിർത്താനാണ് ശ്രമം. ഒട്ടേറെ യുവാക്കളാണ് ഇവിടെ കേസിൽ പെട്ട് കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനേകം തൊഴിലില്ലാത്ത യുവാക്കൾ കേസുകളിലും മറ്റും പെട്ട് നിയമനടപടികളുമായി ഓടി നടക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് യുവാക്കളെ വിവാഹം കഴിപ്പിക്കാനും സർക്കാർ ജോലിക്ക് പ്രാപ്തമാക്കാനുള്ള പരിശീലനം ഉൾപ്പെടെയുള്ള പരിപാടികളുമായി ഇൻസൈറ്റ് എത്തുന്നത്. അവിവാഹിതരെ കണ്ടെത്തി അവരെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുക എന്നതും ഇൻസൈറ്റ് ലക്ഷ്യമിടുന്നു. പിഎസ് സി കോച്ചിംഗിന് മാത്രമായി ജനമൈത്രി പോലീസ് പാനൂരിലും കൊളവല്ലൂരിലുമായി 20 കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. പാരാമിലിറ്ററി ജോലിക്കും പരിശീലനം നൽകുന്നുണ്ട്.

അതേസമയം മുമ്പ് കേസിൽ പെട്ട ചിലർ കല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവും ആയതോടെ പ്രശ്നങ്ങളിൽ നിന്നും മാറി നിന്ന് സമാധാനജീവിതം നയിക്കുകയാണ്. ഇതോടെയാണ് യുവാക്കളുടെ ദിശമാറ്റി വിടുന്ന പരിപാടിയെക്കുറിച്ച് പോലീസ് ആലോചിച്ചതും പദ്ധതി തയ്യാറാക്കുന്നതും. പെണ്ണു കെട്ടാത്തവരെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക, ഉന്നതവിദ്യാഭ്യാസമുള്ളവരെ സർക്കാർ ജോലി കിട്ടുന്ന രീതിയിലേക്ക് പര്യാപ്തമാക്കുന്ന പിഎസ് സി പരിശീലനം നൽകുക തുടങ്ങിയ വൻകിട കാര്യങ്ങളാണ് ഇൻസൈറ്റ് പദ്ധതിയിൽ പോലീസ് ലക്ഷ്യമിടുന്നത്.

പാനൂരിലെ യുവതയെ ലക്ഷ്യമിട്ട് വേനലവധിയിൽ ഒരു സർവേ നടത്താനുള്ള നീക്കത്തിലാണ് പോലീസ്. പാനൂർ സ്റ്റേഷൻ പരിധിക്കുള്ളിൽ വരുന്ന 19,000 വീടുകളിൽ അവിവാഹിതരുടെ കണക്കെടുക്കാനാണ് ഉദ്ദേശം. ഇതിൽ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസയോഗ്യതയും നിലവിൽ ചെയ്യുന്ന ജോലിയുമടക്കം സമഗ്ര വിവരങ്ങൾ എൻഎസ്എസ് വോളണ്ടിയർമാരെ വീടുകൾ തോറും വിട്ട് ശേഖരിക്കും. പിന്നീട് സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവർത്തകരുടെ യോഗവും വിളിക്കും. ഇൻസൈറ്റിന്റെ വിജയമാണ് അവിവാഹിതരെ വിവാഹം കഴിപ്പിക്കാനുള്ള പദ്ധതിക്കും പോലീസിന് പ്രചോദനമായിരിക്കുന്നത്.