എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

എന്തിനാ പൊലീസേ ഇങ്ങനെ പിടിച്ചു പറിക്കുന്നത്: സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക്ക് പൊലീസിന്റെ പോക്കറ്റടി; പാർക്കിംഗില്ലാത്ത നഗരത്തിൽ എവിടെ വണ്ടിയിട്ടാലും കൊള്ള

സ്വന്തം ലേഖകൻ

കോട്ടയം: പൊളിച്ചിട്ടിരിക്കുന്ന തിരുനക്കര മൈതാനം, ജോസ്‌കോ പാർക്ക് ചെയ്ത ശേഷം മിച്ചമുണ്ടെങ്കിൽ മാത്രം ഇട നൽകുന്ന പഴയ പൊലീസ് സ്റ്റേഷൻ മൈതാനം.. പിന്നെ അല്ലറ ചില്ലറ റോഡരികുകളും.. നഗരത്തിൽ ആകെ വാഹന പാർക്കിഗിനായി സൗകര്യമുള്ളത് ഈ ചെറിയ ഇടങ്ങൾ മാത്രമാണ്. ഇവിടെയാണ് കയ്യിലൊരു മഞ്ഞ കുറിയുമായി പൊലീസ് എത്തുന്നത്. നഗരത്തിൽ അനധികൃത പാർക്കിംഗ് തടയുന്നതിനു പൊലീസ് നടത്തുന്ന ഈ ഇടപെടൽ ഗുണം ചെയ്യുന്നതുമുണ്ട്. പക്ഷേ, ഇവിടെ പ്രശ്‌നമാകുന്നത് കാര്യമായ കുരുക്കില്ലാത്ത സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിനസ്‌ക്വയറിന്റെയും ഇടനാഴിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കുള്ള ബുക്ക്ഡ് നോട്ടീസാണ്.


ഒരു മാസം മുൻപാണ് തിരുനക്കര മൈതാനം അറ്റകുറ്റപണികൾക്കായി പൊളിച്ചത്. തിരുനക്കര മൈതാനത്തെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞ് ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതേ തുടർന്നാണ് നഗരസഭ മൈതാനം പൊളിച്ച് പണിയാൻ തീരുമാനിച്ചത്. ഇതോടെ നഗരമധ്യത്തിൽ വാഹന പാർക്കിംഗിനു സൗകര്യമില്ലാതെയായി. തുടർന്നാണ് വാഹനങ്ങൾ നഗരമധ്യത്തിലെ ഇടനാഴിയായ സെൻട്രൽ ജംഗ്ഷന്റെയും ഗാന്ധിസ്‌ക്വയറിന്റെയും മധ്യത്തിലുള്ള വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആളുകൾ തുടങ്ങിയത്. ഈ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുമ്പോൾ ഗാന്ധിസ്‌ക്വയറിൽ പൊലീസുകാർ ഡ്യൂട്ടിയിലുണ്ടെന്നതാണ് രസകരം. ഇവരാരും പാർക്ക് ചെയ്യാനെത്തുന്ന വാഹനങ്ങളെ തടയുകയോ, മറ്റെന്തെങ്കിലും ക്രമീകരണം നിർദേശിക്കുകയോ ചെയ്യാറില്ല. എന്നാൽ, ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു തൊട്ടുപിന്നാലെ ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകുകയാണ് ചെയ്യുന്നത്.
സെൻട്രൽ ജംഗ്ഷനിൽ റോഡിന്റെ ഒരു വശത്ത് തിരുനക്കര മൈതാനം ഭാഗത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇതിന്റെ വലത് വശത്തെ റോഡരികിലാണ് കാറുകൾ അടക്കമുള്ളവ പാർക്ക് ചെയ്യുന്നത്. ഇതാണ് പലപ്പോഴും പൊലീസിന്റെ പിടിയിലാവുന്നത്. കാര്യമായ തിരക്കില്ലാത്ത ഇവിടെ ഒറ്റ വരിയായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പിന്നെ എന്തിനാണ് പെറ്റി അടിയ്ക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർക്കിംഗിനായി അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നഗരത്തിൽ ഇത്തരത്തിൽ പിഴ ഈടാക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group