കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പി.സി. ചാക്കോ രാജിവച്ചു: ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ എൻ.സി.പി അദ്ധ്യക്ഷ സ്ഥാനവും പോയി. ശശീന്ദ്രൻ വിഭാഗവും തോമസ് കെ.തോമസും ഒന്നിച്ചാവശ്യപ്പെട്ടപ്പോൾ പി.സി.ചാക്കോയ്ക്ക് കാലിടറി

Spread the love

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് പി.സി. ചാക്കോ പാർട്ടി വിട്ടത്.
ഡല്‍ഹിയില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു രാജിപ്രഖ്യാപനം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ചായിരുന്നു രാജി. അവിടെനിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എൻ.സി.പിയില്‍ ചേർന്നു.

കോണ്‍ഗ്രസില്‍നിന്നുള്ള രാജിയും എൻ.സി.പി. പ്രവേശവും തമ്മില്‍ ദിവസങ്ങളുടെ മാത്രം ഇടവേള. 2021 മാർച്ചില്‍ എൻ.സി.പിയില്‍ എത്തിയ ചാക്കോ മേയില്‍ സംസ്ഥാന അധ്യക്ഷനായി. തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലേക്ക് പോകാനുള്ള തീരുമാനത്തില്‍നിന്ന് ദേശീയ നേതൃത്വത്തെ പിന്തിരിപ്പിച്ചത് ചാക്കോയുടെ ഇടപെടലാണെന്നാണ് വിലയിരുത്തപ്പെട്ടു. അധ്യക്ഷനായി സ്ഥാനമേറ്റശേഷം ചാക്കോ ആദ്യം വ്യക്തമാക്കിയത്,

രണ്ടാം പിണറായി സർക്കാരില്‍ എൻ.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം പങ്കുവെക്കില്ല എന്നായിരുന്നു. അഞ്ചുവർഷവും ശശീന്ദ്രൻ തന്നെ മന്ത്രിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് കെ. തോമസിന് രണ്ടരവർഷം നല്‍കുമെന്ന തീരുമനം പാർട്ടി എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഈ വാക്കുകളില്‍നിന്നുള്ള മലക്കം മറിച്ചിലാണ് ഒടുവില്‍ സ്ഥാനം രാജിവെക്കേണ്ട സാഹചര്യത്തില്‍വരെ അദ്ദേഹത്തെ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 സെപ്റ്റംബറിലാണ് ചാക്കോയെ വീണ്ടും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തത്. പേര് നിർദേശിച്ചത് എ.കെ. ശശീന്ദ്രൻ. തോമസ് കെ. തോമസ് പിന്താങ്ങിയതോടെ വീണ്ടും സംസ്ഥാന അധ്യക്ഷനായി. 2023-ല്‍ എൻ.സി.പി. പിളർന്നു. ശരദ് പവാറിൻറെ നേതൃത്വത്തിലുള്ള എൻ.സി.പി. (ശരദ് ചന്ദ്ര പവാർ) വിഭാഗത്തില്‍ തുടരാനായിരുന്നു കേരളഘടകത്തിലെ പ്രബലരുടെ തീരുമാനം.

ഇതിനിടെയിലും ഒരു ചെറിയ വിഭാഗം കേരളത്തിലും പിളർപ്പിന്റെ ഭാഗമായി അജിത് പവാർ പക്ഷത്തിനൊപ്പം ചേർന്നു. 2024 ജൂണില്‍ സുപ്രിയ സുലേയ്ക്കൊപ്പം ചാക്കോയെ ദേശീയ വർക്കിങ് പ്രസിഡന്റായി ശരദ് പവാർ നിയമിച്ചു. പാർട്ടി പിളരുംമുമ്പ് പ്രഫുല്‍ പട്ടേലിനുണ്ടായിരുന്ന സ്ഥാനത്തേക്കാണ് ചാക്കോ ഉയർന്നത്.

രണ്ടരവർഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം എന്ന് ധാരണയുണ്ടായിരുന്നുവെന്ന് തുടക്കം മുതലേ തോമസ് കെ. തോമസ് അവകാശപ്പെട്ടിരുന്നു. എല്‍.ഡി.എഫില്‍ മുന്നണികള്‍ക്ക് രണ്ടരവർഷം വീതം അനുവദിച്ച മന്ത്രിമാരെ മാറ്റുന്ന സമയത്ത് തോമസ് കെ. തോമസ് ആവശ്യം ഉന്നയിച്ചു. എന്നാല്‍, അന്ന് കുട്ടനാട് എം.എല്‍.എയ്ക്ക് പരസ്യമായി പിന്തുണ നല്‍കി ചാക്കോ രംഗത്തെത്തിയിരുന്നില്ല.

എന്നാല്‍, ഒരിടവേളയ്ക്കുശേഷം വീണ്ടും ചാക്കോ തോമസ് കെ തോമസിന്റെ ആവശ്യത്തിനൊപ്പം നിലയുറപ്പിച്ചതോടെ പാർട്ടി രണ്ടു തട്ടിലായി. തോമസ് കെ. തോമസിനൊപ്പം ചാക്കോയും ചേർന്നു. ദേശീയ നേതാക്കളുമായും മുഖ്യമന്ത്രിയുമായും ചർച്ചകള്‍ക്ക് ചാക്കോ തന്നെ മുന്നിട്ടിറങ്ങി. ദേശീയ നേതൃത്വം ഇടപെട്ടിട്ടും മന്ത്രിസ്ഥാനം വിട്ടൊഴിയാൻ ശശീന്ദ്രൻ വിഭാഗമോ മാറ്റത്തിന് മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറായില്ല.

ഇത് ചാക്കോയെ കൂടുതല്‍ നിരായുധനാക്കി. എ.കെ. ശശീന്ദ്രൻ വിഭാഗം ഒന്നായി ചാക്കോയ്ക്ക് എതിരെ രംഗത്തെത്തി. ആർക്കുവേണ്ടി മന്ത്രി സ്ഥാനത്തിനായി രംഗത്തിറങ്ങിയോ അയാളടക്കം കാലുമാറിയതോടെയാണ് നിവൃത്തിയില്ലാതെ ചാക്കോയ്ക്ക് അധ്യക്ഷസ്ഥാനം രാജിവെച്ച്‌ ഒഴിയേണ്ടിവന്നത്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന കടുത്ത നിലപാടാണ് ശശീന്ദ്രനെ ചാക്കോ വിരുദ്ധനാക്കിയത്. മന്ത്രിസ്ഥാനം കിട്ടാതായതോടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വേണമെന്ന നിലപാടിലേക്ക് തോമസ് കെ. തോമസുമെത്തി. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ ചാക്കോ വേണ്ടവിധം ശ്രമിച്ചില്ലെന്ന നീരസവും തോമസിനെ ചാക്കോവിരുദ്ധനാക്കി.

അധ്യക്ഷസ്ഥാനത്തുനിന്ന് ചാക്കോയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇതിന് തോമസ് കെ. തോമസിന്റെ പിന്തുണയുണ്ടെന്നും പറയപ്പെട്ടു. മന്ത്രിയേയും എം.എല്‍.എയേയും അനുകൂലിക്കുന്നവർ ഒന്നിച്ചിറങ്ങിയപ്പോള്‍ ചാക്കോയുടെ നില പരുങ്ങലിലായി. രാജിവെക്കുന്ന ചാക്കോ താൻ മാറിയാല്‍ തന്റെ കൂടെ നില്‍ക്കുന്ന ആരെയെങ്കിലും അധ്യക്ഷനാക്കാനുള്ള ശ്രമം നേരത്തേതന്നെ ആരംഭിച്ചിരുന്നുവെന്നാണ് സൂചന.