പി.സി ജോർജ് എൻഡിഎയിലേയ്ക്ക്; ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും; കോട്ടയത്ത് പി.സി തോമസും; മധ്യ കേരളം പിടിക്കാൻ കേരള കോൺഗ്രസിന്റെ കൈപിടിച്ച് ബിജെപി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമല വിഷയത്തിൽ ഹിന്ദുക്കളോടൊപ്പം നിന്ന പി.സി ജോർജ് എംഎൽഎയും, ജനപക്ഷവും എൻഡിഎയ്‌ക്കൊപ്പമെത്തുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസിൽ സഭയ്‌ക്കൊപ്പം നിന്ന് സഭയുടെ ഗുഡ്ബുക്കിൽ കയറിയ പി.സി ജോർജ് എംഎൽഎ, ശബരിമല വിഷയത്തോടെ ഹിന്ദുക്കളെയും ഒപ്പം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ ഇടതു മുന്നണിയുമായുണ്ടായ എല്ലാ ബന്ധങ്ങളും പി.സി ജോർജിന്റെ ജനപക്ഷം ഉപേക്ഷിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെയും , പൂഞ്ഞാർ പഞ്ചായത്തിലെയും ഭരണത്തിൽ നിന്നും ജനപക്ഷം പിന്മാറി. ഇതോടെ ഈ രണ്ടിടത്തും ഇടതു മുന്നണിയ്ക്ക് ഭരണം നഷ്ടമായി. ഇതോടെ ബിജെപിക്കൊപ്പം കൈപിടിച്ച് എൻഡിഎയുടെ ഭാഗമാകാനുള്ള ശ്രമമാണ് ഇപ്പോൾ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി നടത്തുന്നതെന്നാണ് സൂചന. ജനപക്ഷം എൻഡിഎയുടെ ഭാഗമാകുന്നതോടെ പി.സി ജോർജിന്റെ മകനും യുവജനപക്ഷം നേതാവുമായ ഷോൺ ജോർജ് പത്തനംതിട്ട നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും. കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് നേതാവ് പി.സി തോമസിനെ സ്ഥാനാർത്ഥിയാക്കി മ്ധ്യകേരളത്തിൽ പിടിമുറുക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്വം ആലോചിക്കുന്നത്.
മാസങ്ങൾക്ക് മുൻപാണ് പി.സി ജോർജിന്റെ പിൻതുണയോടെ ഇടതു മുന്നണി ഭരണം നടത്തിയിരുന്ന ഈരാറ്റുപേട്ട നഗരസഭയ്ക്കുള്ള പിൻതുണ പി.സി ജോർജിന്റെ ജനപക്ഷം പിൻവലിച്ചത്. ഇതിനു ശേഷം തിങ്കളാഴ്ചയാണ് ജനപക്ഷം പൂഞ്ഞാർ പഞ്ചായത്തിനുള്ള പിൻതുണ പിൻവലിച്ചത്. ഇതോടെ പൂഞ്ഞാർ നഗരസഭ ഭരണവും ഇടതു മുന്നണിയ്ക്ക് ന്ഷ്ടമായി. ഇത് വലിയ രാഷ്ട്രീയ പ്രത്യാഘത്തിനാണ് വഴി വയ്ക്കുന്നത്. സ്വതന്ത്രനായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച പി.സി ജോർജ്, എല്ലാ മുന്നണികളെയും ഒരു പോലെ എതിർക്കുകയാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത്, ഉമ്മൻചാണ്ടിയെയും കോൺഗ്രസിനെയും കേരള കോൺഗ്രസ് മാണി വിഭാഗത്തെയും ഒരു പോലെ പ്രതിരോധത്തിലാക്കിയ നിലപാടാണ് പി.സി ജോർജ് സ്വീകരിച്ചിരുന്നത്. ഒരു സമയത്ത് പി.സി ജോർജ് ഇടതു മുന്നണിയിൽ എത്തുമെന്നു വരെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ, കേരള കോൺഗ്രസുമായി ഏറ്റുമുട്ടിയ പി.സി ജോർജ് ഒടുവിൽ യുഡിഎഫ് മുന്നണി വിട്ടു. പി.സി ജോർജിനെ ഏറ്റെടുക്കാൻ ഇടതു മുന്നണി തയ്യാറായതുമില്ല. ഇതിനു ശേഷമാണ് നിയമസഭയിലേയ്ക്ക് പി.സി ജോർജ് ഒറ്റയ്ക്ക് മത്സരിച്ചതും പൂഞ്ഞാറിൽ നിന്നു വിജയിച്ച് വന്നതും.
ഏറ്റവും ഒടുവിലായി ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയ്ക്കും സഭയ്ക്കും അനുകൂലമായ നിലപാടാണ് പി.സി ജോർജ് സ്വീകരിച്ചിരുന്നത്. സഭയെ പിൻതുണച്ച് കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോർജിനെതിരെ അതിരൂക്ഷമായ വിമർശനമാണ് സംഘപരിവാർ അടക്കമുള്ളവർ ഉയർത്തിയിരുന്നത്. എന്നാൽ, ഇതെല്ലാം ഒന്ന് കെട്ടടങ്ങും മുൻപ് തന്നെ ശബരിമല സ്ത്രീ പ്രവേശന സ്ത്രീ പ്രവേശന വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെത്തി. ബിഷപ്പ് വിഷയത്തിൽ സഭയ്‌ക്കൊപ്പം നിന്ന പി.സി ജോർജ്, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹിന്ദുക്കൾക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പി.സി ജോർജും സംഘവും ഹിന്ദുക്കൾക്കും സംഘപരിവാറിനും പ്രിയപ്പെട്ടവരായി മാറി. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അനുരഞ്ജന ചർച്ചയിൽ നിന്നും ബിജെപിക്കൊപ്പം പി.സി ജോർജും ഇറങ്ങിപ്പോന്നതോടെയാണ് ജോർജിന്റെ മുന്നണി പ്രവേശനം ചർച്ചയായി മാറിയത്.
പി.സി ജോർജ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമായാൽ മകനും യുവജനപക്ഷം നേതാവുമായ ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായേക്കും. ഇതുകൂടാതെ മധ്യകേരളത്തിൽ കരുത്ത് ഉറപ്പിക്കാൻ കേരള കോൺഗ്രസ് നേതാവ് പി.സി തോമസിനെ കോട്ടയം സീറ്റിൽ സ്ഥാനാർത്ഥിയാക്കാനും ബിജെപി കേന്ദ്ര നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി മധ്യകേരളത്തിലെ നാല് സീറ്റുകളിൽ വിജയ സാധ്യത ഉറപ്പിക്കുന്നതിനാണ് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നത്.
പി.സി ജോർജും, പി.സി തോമസും കോട്ടയത്തും പത്തനംതിട്ടയിലും മത്സരരംഗത്തിറങ്ങിയാൽ എറണാകുളവും ഇടുക്കിയും കോട്ടയവും പിടിച്ചെടുക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിലവിൽ പത്തനംതിട്ടയിൽ ബിജെപിയ്ക്ക് നിർണ്ണായക സ്വാധീനമുണ്ട്. കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും പി.സി ജോർജ് നിർണ്ണായക ശക്തിയാണ്. ക്രൈസ്തവ വോട്ടുകൾ നിർണ്ണായകമായ കോ്ട്ടയത്തും ഇടുക്കിയിലും പി.സി ജോർജിനും പി.സി തോമസിനും നിർണ്ണായക സ്വാധീനം ചെലുത്താനാവുമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തിൽ ബിജെപിയ്ക്ക് വൻ നേട്ടം കേരളത്തിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.