
ഏറ്റുമാനൂരും പൂഞ്ഞാറും വച്ചുമാറാനുള്ള നീക്കം: പി.സി ജോർജും യു.ഡി.എഫ് നേതാക്കളും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ്: കൈപ്പത്തി ചിഹ്നമില്ലാതെ പൂഞ്ഞാറിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിച്ചാൽ വിജയം ഉറപ്പെന്നു ജോർജ് : അഡ്വ.ടോമി കല്ലാനിയെ ഒഴിവാക്കി മണ്ഡലം പി.സി ജോർജിനു മുന്നിൽ അടിയറവയ്ക്കാൻ നീക്കം
തേർഡ് ഐ ബ്യൂറോ
കോട്ടയം: യു.ഡി.എഫിലെ സീറ്റ് വിഭജനം പൂർത്തിയായ ശേഷം ഏറ്റുമാനൂരും പൂഞ്ഞാറും വച്ചുമാറാനുള്ള നീക്കം യു.ഡി.എഫ് കോൺഗ്രസ് നേതാക്കളും പി.സി ജോർജും തമ്മിലുള്ള രഹസ്യധാരണയെ തുടർന്നെന്നു സൂചന. കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പൂഞ്ഞാറിൽ മത്സരിക്കുന്നതിനെ പി.സി ജോർജ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനിയ്ക്കു പകരം തീർത്തും ദുർബലനായ സ്ഥാനാർത്ഥിയെ പൂഞ്ഞാറിൽ രംഗത്തിറക്കാനാണ് ഇപ്പോൾ ഏറ്റുമാനൂർ പൂഞ്ഞാർ സീറ്റുകൾ തമ്മിൽ വച്ചു മാറാനുള്ള നീക്കം യു.ഡി.എഫ് നടത്തുന്നത്.
രണ്ടു ദിവസം മുൻപാണ് യു.ഡി.എഫിലെ സീറ്റ് വിഭജനം കോട്ടയത്ത് പൂർത്തിയായത്. ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും, പൂഞ്ഞാർ സീറ്റ് കോൺഗ്രസിനും നൽകുന്നതിനായിരുന്നു ധാരണയായത്. ഏറ്റുമാനൂർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രിൻസ് ലൂക്കോസും, പൂഞ്ഞാറിൽ കോൺഗ്രസിന്റെ മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനിയും ആദ്യ ഘട്ട പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ അപ്രതീക്ഷിതമായി യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നും വൻ മാറ്റം ഉണ്ടാകുകയായിരുന്നു. ഏറ്റുമാനൂർ സീറ്റ് വിട്ടു നൽകി പകരം പൂഞ്ഞാറും, മൂവാറ്റുപുഴയും വേണമെന്ന ആവശ്യമാണ് ജോസഫ് ഉയർത്തിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് വേണ്ടിയാണ് പൂഞ്ഞാർ സീറ്റ് യു.ഡി.എഫ് പരസ്പരം വച്ചു മാറുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
എന്നാൽ, ടോമി കല്ലാനിയെപോലെ മുതിർന്ന ഒരു നേതാവ് പൂഞ്ഞാറിൽ മത്സരിക്കാൻ ഇറങ്ങുന്നതിനെ പി.സി ജോർജും ഭയക്കുന്നുണ്ട്. ടോമി കല്ലാനി പൂഞ്ഞാറിൽ കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിച്ചാൽ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ ഒരു കൂട്ടായ്മ ഉണ്ടാകുകയും വോട്ട് കൃത്യമായി കൈപ്പത്തിയ്ക്ക് തന്നെ വീഴുകയും ചെയ്യും. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ദുർബലനായ സ്ഥാനാർത്ഥിയ സജി മഞ്ഞക്കടമ്പനെ പൂഞ്ഞാറിൽ സ്ഥാനാർത്ഥിയാക്കാൻ യു.ഡി.എഫ് നേതാക്കൾ സമ്മർദം ചെലുത്തുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പരമാവധി സമുദായങ്ങളെ എല്ലാം പി.സി ജോർജ് വെറുപ്പിച്ചിട്ടുണ്ട്. ഇത് തന്നെയാണ് കോൺഗ്രസിന്റെ കരുത്തും. പി.സി ജോർജിനെതിരായ വികാരവും, കോൺഗ്രസ് അനുകൂല വികാരവും ചേർന്നാൽ പൂഞ്ഞാറിൽ ഉജ്വല വിജയം നേടാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതാണ് ഇപ്പോൾ തകർക്കാൻ കോൺഗ്രസിലെയും യു.ഡി.എഫിലെയും ഒരു വിഭാഗം തന്നെ ശ്രമിക്കുന്നത്. പരസ്യമായി എതിർക്കുമ്പോഴും യു.ഡി.എഫിലെ ഒരു വിഭാഗം ഇപ്പോഴും പി.സി ജോർജിന് ഒപ്പമാണ് എന്നാണ് ലഭിക്കുന്ന സൂചന.