play-sharp-fill
രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങി; പി.സി. ജോർജ്

രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങി; പി.സി. ജോർജ്


സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപിയുമായി ചേർന്ന് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസുമായി അടുക്കാൻ ശ്രമിച്ച് പി.സി. ജോർജ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണാൻ ശ്രമിച്ച ജോർജിന് ഇന്നലെ അവരുടെ സെക്രട്ടറിമാരിലൊരാളായ മാധവനെ കണ്ടുമടങ്ങേണ്ടിവന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും യുഡിഎഫിലേക്കു പോകുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ജനപക്ഷം എംഎൽഎ ഡൽഹിയിൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകാര്യം ഏതു മുന്നണിയുമായും ചർച്ച നടത്തും. ആർക്കൊപ്പം പോകണമെന്ന് അതിനുമുമ്പ് തീരുമാനിക്കുമെന്ന് ജോർജ് വിശദീകരിച്ചു. ജലന്ധറിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടശേഷം ഡൽഹിയിൽ മടങ്ങിയെത്തിയപ്പോഴാണ് ജോർജ് പത്താം നമ്പർ ജൻപഥിലെ സോണിയയുടെ വസതിയിലെ ഓഫീസിലെത്തി മാധവനെ കണ്ടത്. ചില രാഷ്ട്രീയകാര്യങ്ങൾ മാധവനുമായി സംസാരിച്ചെന്നും യുഡിഎഫിലേക്കു മടങ്ങുമോയെന്നു പറയാനാകില്ലെന്നും ജോർജ് പറഞ്ഞു.

ഇതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അനുമതിയില്ലാതെ യുഡിഎഫിൽ നിന്നു പുറത്തായതും ബിജെപിയുമായി ചേർന്നതുമായ ഒരാളെ സോണിയാ ഗാന്ധി കാണുന്ന പ്രശ്‌നമില്ലെന്നു ഉന്നത കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യുഡിഎഫിലോ, കോൺഗ്രസിലോ ജോർജിനെ തിരിച്ചെടുക്കുന്ന പ്രശ്‌നമേയില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കി. അത്തരം ആലോചനകൾ പോലുമില്ല. സോണിയാ ഗാന്ധിയുടെ മലയാളി സെക്രട്ടറിയെ കണ്ടെങ്കിൽ അതു വ്യക്തിപരമാണെന്നും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച ഉണ്ടായിട്ടില്ലെന്നും ഹൈക്കമാൻഡ് വിശദീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group