ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പഴയിടം ഇരട്ടക്കൊലപാതക കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകം അടക്കമുള്ള ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും കോടതിയുടെ കണ്ടെത്തൽ; ശിക്ഷ വിധിക്കുന്നത് മാർച്ച് 22ന്
സ്വന്തം ലേഖകൻ
കോട്ടയം: വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം കൊലപാതക കേസിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതിയുടെ നിർണായക വിധി. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22ന് പ്രഖ്യാപിക്കും. മണിമല പഴയിടം ചൂരപ്പാടിയിൽ അരുൺ ശശിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇയാൾ കൊലപാതകം, മോഷണം തുടങ്ങി നിരവധി കേസുകളിൽ കൂടി പ്രതിയാണ്.
2013 ഓഗസ്റ്റ് 28നാണ് മണിമലയ്ക്കുസമീപം പഴയിടത്ത് വയോധിക ദമ്പതിമാരായ റിട്ട.പി.ഡബ്ല്യു.ഡി. സൂപ്രണ്ട് പഴയിടം തീമ്പനാൽ (ചൂരപ്പാടിയിൽ) എൻ.ഭാസ്‌കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവംനടന്ന് ആഴ്ചകൾക്കുള്ളിൽത്തന്നെ ബന്ധുവായ അരുൺ ശശിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
പഴയിടം ഷാപ്പിന് എതിർവശത്തുള്ള ഇരുനില വീടിന്റെ താഴത്തെനിലയിൽ കോണിപ്പടിയോട് ചേർന്നാണ് ദമ്പതിമാരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്. തലയ്ക്കുപിറകിൽ ചുറ്റികകൊണ്ട് അടിച്ച് മുറിവേൽപ്പിച്ചതിനുശേഷം മുഖത്ത് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയത്തുനിന്ന് തൃശൂരിലത്തെിയശേഷം ചെന്നൈ, ഹൈദരാബാദ് വഴി ഒഡിഷയിലത്തെി അവിടുന്ന് ഭുവനേശ്വർ എത്തി അവിടുത്തെ ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി മുങ്ങുക ആയിരുന്നു.
അന്വേഷണം മുറുകുന്നതിനിടെ കോട്ടയം കഞ്ഞിക്കുഴിയിൽ മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അരുൺ പൊലീസിന്റെ പിടിയിലാവുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റ സമ്മതം നടത്തുകയുമായിരുന്നു. ഈ കേസിൽ കോട്ടയം കോടതിയിൽ വിചാരണയുടെ ഭാഗമായി കുറ്റപത്രം വായിച്ച ദിവസം അരുണ്‍ ശശി രക്ഷപ്പെട്ട് ഒളിവില്‍ പോയിരുന്നു. മറ്റ് ചില കേസുകളില്‍ തമിഴ്നാട് പോലീസ് പിടികൂടിയ ഇയാളെ തമിഴ്നാട് ഗുണ്ടാ ആക്ട് ചുമത്തി പുഴൽ സെൻട്രൽ ജയിലിൽ പാര്‍പ്പിച്ചിരിക്കുയായിരുന്നു . പഴയിടം ഇരട്ടക്കൊലക്കേസ് വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി പ്രത്യേക വാറണ്ട് നല്കിയാണ് പ്രതിയെ ജയിലിൽ നിന്നും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ടിൽ എത്തിച്ചത്.
കേസിൻ്റെ ആദ്യഘട്ടങ്ങളിൽ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിനും മറ്റുമായി മുൻപന്തിയിൽ ഉണ്ടായിരുന്നതും അരുൺ ആയിരുന്നു. ഇതൊക്കെ കൊണ്ട് തന്നെ പോലീസിൻ്റെ സംശയത്തിൻ്റെ നിഴലിൽ ഒന്നും അരുണിന്റെ പേര് ഉണ്ടായിരുന്നില്ല. വീടിന്റെ രണ്ടാം നിലയിൽനിന്ന് ഊരിമാറ്റിയ ബൾബിൽനിന്ന് മാത്രമാണ് പ്രതിയുടെ വിരലടയാളം കൃത്യമായി ലഭിച്ചത്. അരുണിനെ പഴയിടത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും അനുബന്ധ വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു.