പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു വിൽക്കാൻ 20 പൊതി കഞ്ചാവ്: തൃക്കൊടിത്താനത്ത് കഞ്ചാവ് വിൽപ്പനക്കാരനായ യുവാവ് പൊലീസ് പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികൾക്കു വിൽക്കാനായി കഞ്ചാവുമായി എത്തിയ യുവാവിനെ തൃക്കൊടിത്താനം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നു പിടികൂടി. തൃക്കൊടിത്താനം നാലുകോടി പുതുതാളം വീട്ടിൽ ബിൻസണി(20)നെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 20 പൊതി കഞ്ചാവും പൊലീസ് സംഘം പിടിച്ചെടുത്തു.
നാലുകോടി, പായിപ്പാട് എന്നിവിടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കു കഞ്ചാവ് വിൽപ്പന വ്യാപകമായതായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പ്രദേശത്തു നിരീക്ഷണം നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇയാൾ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവുമായി ജില്ലയിൽ എത്തിയിരുന്നതായി ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയ്ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, പൊലീസ് സംഘം പായിപ്പാട് ഭാഗത്തു നിരീക്ഷണം നടത്തുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള കഞ്ചാവുമായി ബിൻസൺ എത്തുകയായിരുന്നു. തുടർന്നു, തൃക്കൊടിത്താനം എസ്.ഐ എൻ.രാജേഷ്, എ.എസ്.ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ യേശുദാസ്, മനോജ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, എസ്.അരുൺ, പി.എം ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പായിപ്പാടും, നാലുകോടിയിലും അടക്കം പ്രതി കഞ്ചാവുമായി കറങ്ങി നടന്നു വിൽപ്പന നടത്തുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ കഞ്ചാവ് എടുത്തുകൊണ്ടു വന്നാണ് ഇയാൽ പ്രദേശത്ത് വിൽപ്പന നടത്തിയിരുന്നത്. ഒരു പൊതികഞ്ചാവിനു 500 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്.