
ലോക്സഭാ തിരഞ്ഞെടുപ്പ്: പത്രിക സമര്‍പ്പണം ആരംഭിച്ചു
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു.
വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ തീയതിയില്‍ 25 വയസാണ് സ്ഥാനാര്‍ഥികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിന് രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരും തടവുശിക്ഷയ്ക്കിടെ ജാമ്യത്തിലിറങ്ങിയവരും മത്സരിക്കാന്‍ യോഗ്യരല്ല.
ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണം..
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാമനിര്‍ദേശ പത്രിക നല്‍കുന്നവരുടെ പേരില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസുകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്കു മുന്‍പ് മൂന്ന് തവണ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണം. പരസ്യപ്പെടുത്തിയതു സംബന്ധിച്ച സത്യവാങ്മൂലം സൂക്ഷ്മപരിശോധനയ്ക്കു മുന്‍പ് നല്‍കാത്തവരുടെ നാമനിര്‍ദേശപത്രിക നിരസിക്കപ്പെടുന്നതാണ്.
സെക്യൂരിറ്റി തുക 25000 രൂപ..
എല്ലാ സ്ഥാനാര്‍ഥികളും സെക്യൂരിറ്റി തുകയായി 25000 രൂപ നല്‍കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 12500 രൂപയാണ് സെക്യൂരിറ്റി തുക. ആകെ പോള്‍ ചെയ്യുന്ന സാധുവായ വോട്ടുകളുടെ ആറിലൊന്നിലേറെ വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്ക് സെക്യൂരിറ്റി തുക നഷ്ടമാകും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍..
അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയ്ക്കാണ് പത്രികകള്‍ സ്വീകരിക്കുക.
ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഒരു നിര്‍ദേശകന്‍ മതിയാകും. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും രജിസ്റ്റര്‍ ചെയ്ത അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും പത്ത് നിര്‍ദേശകര്‍ ഉണ്ടായിരിക്കണം.
ഒരു സ്ഥാനാര്‍ഥിക്ക് നാലു നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. സ്ഥാനാര്‍ഥിക്കൊപ്പം നാലുപേര്‍ക്കു മാത്രമെ വരണാധികാരിയുടെ കാര്യാലയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. സ്ഥാനാര്‍ഥിക്കോ നിര്‍ദ്ദേശകനോ പത്രിക സമര്‍പ്പിക്കാം.
പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് വരണാധികാരിയുടെ കാര്യാലയത്തിന്‍റെ നൂറ് മീറ്റര്‍ പരിധി വരെ സ്ഥാനാര്‍ഥിയുടെയും ഒപ്പമുള്ളവരുടെയുമായി മൂന്നു വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ.
പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥി ഫോം 26ലുള്ള സത്യവാങ്മൂലം, വോട്ടര്‍ പട്ടികയിലെ സ്ഥാനക്രമം സംബന്ധിച്ച സാക്ഷ്യപത്രം, രാഷ്ട്രീയകക്ഷി സ്ഥാനാര്‍ഥിയെങ്കില്‍ ഫോം എയും ബിയും, ജാതി സര്‍ട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗക്കാരെങ്കില്‍), സെക്യൂരിറ്റി തുകയുടെ രേഖ, പ്രതിജ്ഞ എന്നിവ ഹാജരാക്കണം. നാമനിര്‍ദേശപത്രികയ്ക്കൊപ്പം മൂന്നു മാസത്തിനുള്ളില്‍ എടുത്ത രണ്ടര സെന്‍റീ മീറ്റര്‍ ഉയരവും രണ്ട് സെന്‍റീമീറ്റര്‍ വീതിയുമുളള നാല് ഫോട്ടോകളും ഉണ്ടാകണം. ഫോട്ടോകളുടെ പിന്നില്‍ സ്ഥാനാര്‍ത്ഥി ഒപ്പുവച്ചിരിക്കണം.
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേക അക്കൗണ്ട് വേണം..
തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുമാത്രമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുക ചെലവഴിക്കുന്നത് ഈ അക്കൗണ്ട് വഴിയാകണം. നിലവിലുള്ള അക്കൗണ്ട് ഉപയോഗിക്കാന്‍ പാടില്ല. ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് ചെലവിനായി പ്രത്യേക അക്കൗണ്ട് തുറക്കാത്തപക്ഷം നടപടി സ്വീകരിക്കും.
പത്രിക സമര്‍പ്പണം ക്യാമറ നിരീക്ഷണത്തില്‍..
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വീഡിയോയില്‍ പകര്‍ത്തും. പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഉച്ചകഴിഞ്ഞു രണ്ടിനു ശേഷമുള്ള മുഴുവന്‍ നടപടികളും പൂര്‍ണമായും ചിത്രീകരിക്കും.
അതത് ദിവസത്തെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വിവരങ്ങള്‍ വരണാധികാരിയുടെ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.