
പതിനാറുകാരിയെ കാണാതായിട്ട് ഒരു മാസം: ഒപ്പം അയൽവാസി യുവാവിനെയും കാണാതായി: മൊബൈൽ ഫോൺ ലൊക്കേഷൻ വനത്തിൽ: പോലീസ് തെരച്ചിൽ നടത്തിയെങ്കിലും വിഫലം
കാസര്‍കോട് :മണ്ടേക്കാപ്പിലെ 16കാരിയെ ണാതായിട്ട് ഒരു മാസമായി. ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടതായിരുന്നു ശ്രേയ.
ശ്രേയ എങ്ങോട്ട് പോയി എന്നതിന് പോലിസിന് ഇതുവരെ ഒരു സൂചനയും ഇല്ല. കുമ്പള സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസില്‍ ഇതുവരെ തുമ്പ് കണ്ടെത്താന്‍ പോലും പോലിസിന് കഴിഞ്ഞിട്ടില്ല.
അയല്‍വാസിയായ പ്രദീപിനൊപ്പമാണ് പെണ്‍കുട്ടി നാടുവിട്ടതെന്നാണ് സൂചന. പെണ്‍കട്ടിക്കൊപ്പം കാണാതായ ഇയാളെകുറിച്ചും പോലിസിന് ഇതുവരെ വിവരം ഒന്നുമില്ല. ശ്രേയയുടെ കുടുംബവുമായി പ്രദീപിന് നല്ല ബന്ധമായിരുന്നു. ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് കുടുംബം ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കഴിഞ്ഞ ഫബ്രുവരി 12-ാം തിയതിയാണ് ശ്രേയയെ കാണാതാകുന്നത്. പുലര്‍ച്ചെ നാലേമുക്കാലോടെ ഉറക്കമുണര്‍ന്ന ഇളയ കുട്ടിയാണ് ചേച്ചിയെ കാണാനില്ലെന്ന് ആദ്യം മനസിലാക്കുന്നത്. തുടര്‍ന്ന് പ്രദേശമാകെ കുട്ടിക്കായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പ്രദീപിനെയും കാണാനില്ലെന്ന വിവരം അറിയുന്നത്.
വീട്ടില്‍ നിന്നും പോയ പെണ്‍കുട്ടിയുടെ കൈവശം മൊബൈല്‍ഫോണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിളിച്ചപ്പോള്‍ ആദ്യം റിങ് ചെയ്‌തെങ്കിലും പിന്നെ സ്വിച്ച്‌ഡ് ഓഫ് ആയി. തിരച്ചിലാരംഭിച്ച പൊലീസ് പ്രദീപിന്റെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലായി.
പ്രദേശവാസികളുടെ കൂടി സഹായത്തോടെ പൊലീസ് ഈ മേഖലകളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
പ്രദീപ് പോകാന്‍ ഇടയുള്ള കര്‍ണാടക മടിക്കേരിയിലെ ബന്ധുവീടുകളില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ല. ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതേണ്ടിയിരുന്ന മകള്‍ എവിടെയെന്നറിയാതെ വേദന തിന്നുകഴിയുകയാണ് മാതാപിതാക്കള്‍.