രാവിലെ മുതൽ കാറിൽ റോന്തു ചുറ്റുക…! തണലത്ത് മാറിക്കിടന്ന് വിശ്രമിക്കുക; ഇതാണോ പിങ്ക് പൊലീസിൻ്റെ സ്ത്രീ സുരക്ഷ….? പത്തനംതിട്ടയിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് സീറ്റ് പിന്നിലേക്ക് നിവർത്തി വിശ്രമിക്കുന്ന പൊലീസുകാരികളുടെ ചിത്രങ്ങൾ വൈറലാകുന്നു; കേരള പൊലീസിന് അപമാനമായി എന്തിന് ഇങ്ങനെയൊരു സംവിധാനം….
സ്വന്തം ലേഖിക
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിന്റെ മൈതാനത്തേക്ക് പ്രവേശിക്കാനുള്ള റോഡരികിൽ വാഹനം പാർക്ക് ചെയ്ത് അതിൽ സീറ്റും പിന്നിലേക്ക് നിവർത്തി വിശ്രമിക്കുന്ന പൊലീസുകാരികളുടെ ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
പത്തനംതിട്ടയിലെ പിങ്ക് പൊലീസിനെ കുറിച്ച് നേരത്തേ നിരവധി പരാതികൾ ഉയർന്നിരുന്നു. പണി ചെയ്യുന്നതിനേക്കാൾ കുടുതൽ വിശ്രമിക്കുകയാണ് ഇവരുടെ ജോലിയെന്നാണ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപൊരിക്കൽ ചിത്രം സഹിതം മാധ്യമ വാർത്ത വന്നതോടെ പിങ്ക് പൊലീസിലുണ്ടായിരുന്ന രണ്ടു പേരെയും സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. രാവിലെ മുതൽ കാറിൽ റോന്തു ചുറ്റുക, തണലത്ത് മാറിക്കിടന്ന് വിശ്രമിക്കുക എന്നത് മാത്രമാണ് ഇവരുടെ ജോലിയെന്ന് ആക്ഷേപമുണ്ട്.
സദാചാര പൊലീസിങും ആരോപിക്കപ്പെടുന്നു.
സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നത് ലക്ഷ്യമിട്ടാണ് പിങ്ക് പൊലീസ് ടീം സംസ്ഥാനത്ത് നിലവിൽ വന്നത്. പക്ഷേ, പദ്ധതിയുടെ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്.
ഇടതു അനുകൂല പൊലീസ് അസോസിയേഷന് വേണ്ടപ്പെട്ട പൊലീസുകാരികളെയാണ് ഇതിലേക്ക് നിയോഗിക്കുന്നത്. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ട കാര്യമില്ലാത്തതിനാൽ ഇവിടെ പോസ്റ്റിങ് കിട്ടാൻ വലിയ ഇടിയാണ്. സ്വാധീനവും രാഷ്ട്രീയ ബന്ധവുമുള്ളവർക്കാണ് പോസ്റ്റിങ് ലഭിക്കുക.
വെറുതേ കാറുമോടിച്ച് കറങ്ങി നടക്കുകയെന്നത് മാത്രമാണ് ഇവരുടെ ജോലിയെന്നാണ് ആക്ഷേപം. വെറുതേ ഇന്ധനവും കത്തിച്ച് കറങ്ങി നടക്കുന്നതല്ലാതെ ഇവർ എന്ത് പണി ചെയ്യുന്നുവെന്ന് കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. ഇവർ ഒരു സ്ത്രീ സുരക്ഷയും ഉറപ്പാക്കുന്നില്ല.
പോരാഞ്ഞിട്ട് വനിതകൾക്ക് ഉപദ്രവവും ആകുന്നു. ആറ്റിങ്ങലിൽ പിങ്ക് പൊലീസുകാരി രജിത എട്ടു വയസുകാരിയെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച് സമൂഹ മധ്യത്തിൽ അപമാനിച്ചിരുന്നു. ഇവർക്കെതിരേ ഒരു നടപടിയുമെടുക്കാൻ സർക്കാർ ആദ്യം തയാറായിരുന്നില്ല. കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടർന്ന് 1.75 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഇത് രജിതയിൽ നിന്ന് ഈടാക്കാനും നിർദ്ദേശിച്ചിരുന്നു.
ഇത്ര വലിയ കുറ്റകൃത്യമായിട്ടും പൊലീസുകാരിക്കെതിരായ നടപടി ഒരു സ്ഥലം മാറ്റത്തിൽ ഒതുക്കുകയാണ് ചെയ്തത്. രാഷ്ട്രീയ സ്വാധിനമായിരുന്നു കാരണം.