
പത്തനംതിട്ട: സിപിഎം സ്വീകരണം നൽകിയ കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന്റെ കാപ്പാ കാലാവധി കഴിഞ്ഞതാണെന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വാദം തള്ളി പത്തനംതിട്ട ജില്ലാ പൊലീസ്.
ശരൺ ചന്ദ്രൻ ഇപ്പോഴും കാപ്പാ കേസ് പ്രതി തന്നെയാണെന്നും കാപ്പാ കേസ് നിലവിലുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. നവംബറിൽ ശരൺ ചന്ദ്രനെതിരെ അടിപിടി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇതോടൊപ്പം കാപ്പാ കേസ് വ്യവസ്ഥകളുടെ ലംഘനത്തിന് പുതിയ കേസും എടുത്തിരുന്നു.
ഒളിവിൽ പോയ ശരണിനെ 2024 ഏപ്രിൽ 16നാണ് പിടികൂടിയത്. ശരൺ ചന്ദ്രനെതിരെ ആകെ 12 കേസുകളാണുള്ളത്. 11 കേസിനും രാഷ്ട്രീയ ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിന്റെയും വിശദീകരണം തള്ളുന്നതാണ് പൊലീസിന്റെ മറുപടി. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലെടുത്തുകൊണ്ട് നൽകിയ സ്വീകരണത്തിൽ വിചിത്ര വാദമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മന്ത്രി വീണാ ജോർജും നടത്തിയത്. ഇഡ്ഡലി എന്ന ശരൺ ചന്ദ്രൻ പ്രതിയായതെല്ലാം രാഷ്ട്രീയ സംഘർഷത്തിലാണെന്നും തെറ്റുകൾ തിരുത്താനാണ് ചെങ്കൊടിയേന്തിയതെന്നുമാണ് ഇരുവരും ന്യായീകരിച്ചത്.
മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രൻ ഉൾപ്പെടെ 60 പേരെയാണ് ഇന്നലെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചത്. 25 വയസ്സിനിടെ 12 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇഡ്ഡലിയെന്ന് വിളിക്കുന്ന ശരൺ.
2023 ജൂലൈയിൽ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തി. അതിലെ വ്യവസ്ഥകൾ ലംഘിച്ചതിന് പുതിയ കേസ് എടുത്തു. ഇതോടെ ഒളിവിൽ പോയ പ്രതിയെ പിന്നീട് ഏപ്രിൽ 16 ന് പിടികൂടി. എന്നാൽ ജാമ്യം നേടി പുറത്തിറങ്ങിയപ്പോൾ വീണ്ടും അറസ്റ്റിലായി. ഒടുവിൽ കഴിഞ്ഞ മാസമാണ് ജയിൽമോചിതനായത്.