പാത്താമുട്ടത്തെ പള്ളി ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

പാത്താമുട്ടത്തെ പള്ളി ആക്രമണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം


സ്വന്തം ലേഖകൻ

കോട്ടയം : സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘത്തിനുനേരെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ നടത്തിയ അക്രമണത്തെ തുടർന്ന് ആറ് കുടുംബങ്ങളിലെ 25 പേർക്ക് പള്ളിയിൽ അഭയം പ്രാപിക്കേണ്ടി വന്ന സംഭവത്തെകുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കോട്ടയം കുമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൽ പള്ളിയിലാണ് കുടുംബം കഴിയുന്നത്. സംഭവത്തെ കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പുതുവത്സരത്തിലും ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ഊരുവിലക്ക് കാരണമാണ് കുടുംബത്തിന് വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന കരോൾ സംഘത്തിനുനേരെ 23 ന് രാത്രിയാണ് അക്രമണമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന ബി ടെക് വിദ്യാർത്ഥിനിക്ക് കല്ലേറിൽ കണ്ണിന് താഴെ പരിക്കേറ്റു. കരോൾ സംഘം രക്ഷപ്പെടാനായി കയറിയ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി.
ഏഴ് യുവാക്കൾ അറസ്റ്റിലായെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണി കൂടിയെന്ന് പള്ളിയിൽ താമസിക്കുന്നവർ പറയുന്നു. പള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പരിക്കേറ്റവരെ പള്ളിയിൽ സന്ദർശിക്കാനെത്തിയ മുൻമുഖ്യമന്ത്രിയെവരെ തടഞ്ഞതായി പരാതിയുണ്ട്. പള്ളിയിൽ താമസിക്കുന്നവരുടെ സുരക്ഷക്കായി രണ്ട് പോലീസുകാർ കാവലുണ്ട്. ആക്രമിച്ച 12 പേരിൽ 5 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.