
സ്വകാര്യ പേപ്പർ മില്ലിൽ നിന്നും മോട്ടറുകള്‍ മോഷണം; മൂന്ന് പേർ പിടിയിൽ; പിടിയിലായത് കടപ്ലാമറ്റം, കുറവിലങ്ങാട് സ്വദേശികൾ
സ്വന്തം ലേഖിക
കുറവിലങ്ങാട്: സ്വകാര്യ പേപ്പർ മില്ലിൽ നിന്നും മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടപ്ലാമറ്റം വയലാ പുത്തനങ്ങാടി ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ സജി മകൻ അലൻ കെ സജി (19), കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലശ്ശേരിൽ വീട്ടിൽ മധു മകൻ അഖിൽ മധു (19), കുറവിലങ്ങാട് പകലോമറ്റം ഭാഗത്ത് ചാമക്കാല ഓരത്ത് വീട്ടിൽ സന്തോഷ് മകൻ അലൻ സന്തോഷ് (19) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ മാന്നാനം മുണ്ഡകപ്പാടം സ്വദേശിയുടെ കുറവിലങ്ങാട് അരുവിക്കൽ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര പേപ്പർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നും പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള 7 മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. കൊറോണയോടനുബന്ധിച്ച് സ്ഥാപനം പ്രവർത്തിക്കാതിരിക്കുകയായിരുന്നു.
ഉടമ ഇടയ്ക് കമ്പനിയിൽ വന്ന് മെഷീനുകൾ പ്രവർത്തിപ്പിച്ചിട്ട് പോവുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം കമ്പനിയിൽ എത്തുകയും മോട്ടോറുകൾ മോഷണം പോയതായി കണ്ടതിനെത്തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.
കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനക്കൊടുവിൽ ഇവരാണ് സ്ഥാപനത്തിൽ നിന്നും മോട്ടറുകൾ മോഷ്ടിച്ചത് എന്ന് കണ്ടെത്തുകയുമായിരുന്നു.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, അജി ആർ, എ.എസ്.ഐ വിനോദ് കുമാർ, സി.പി.ഓ മാരായ അരുൺകുമാർ പി സി, ജോജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.