
പനച്ചിക്കാട് കുഴിമറ്റത്ത് ഒരു കുടുംബത്തിലെ ഏഴു പേർക്ക് കൊവിഡ്; കിടപ്പുരോഗിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇന്നു മാത്രം അഞ്ചു പേർക്കു കൊവിഡ്; ഇവർക്കു കൊവിഡ് ബാധിച്ചത് ജോയി മാളിലെ ജീവനക്കാരനിൽ നിന്നും; ജോയിമാളിലെ ഒരാളിൽ നിന്നും ഏഴു പേരിലേയ്ക്കു രോഗം പടർന്നിട്ടും ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ റൂട്ട് മാപ്പ് പുറത്തു വിടാതെ ഒളിച്ച് കളിച്ച് ജില്ലാ ഭരണകൂടം
തേർഡ് ഐ ബ്യൂറോ
കോട്ടയം: പനച്ചിക്കാട് കുഴിമറ്റത്തെ ഒരു കുടുംബത്തിലെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കിടപ്പുരോഗിയ്ക്ക് അടക്കമാണ് പഞ്ചായത്തിലെ ഒരു വീട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോയിമാളിലെ ജീവനക്കാരനായ ഗൃഹനാഥന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടിലെ മറ്റുള്ള അംഗങ്ങൾക്കു കൂടി കൊവിഡ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
കുടുംബനാഥനും, ഭാര്യയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജോയി മാളിലെ ജീവനക്കാരനായിരുന്നു ഗൃഹനാഥൻ. ജോയിമാളിലെ ജുവലറിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച ദിവസം തന്നെ ഇദ്ദേഹം ക്വാറന്റയിനിൽ പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയി മാറിയത്. തുടർന്നു, ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കുടുംബാംഗങ്ങളും ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ നടത്തിയ പരിശോധനയിലാണ് വീട്ടിലെ അഞ്ചു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച ഗൃഹനാഥന്റെ കിടപ്പുരോഗിയായ മാതാവ്, കിടപ്പുരോഗിയാ ഇദ്ദേഹത്തിന്റെ ഭാര്യമാതാവ്, ഇദ്ദേഹത്തിന്റെ രണ്ടും, ആറും ഒൻപതും വയസുള്ള കുട്ടികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനച്ചിക്കാട് പതിനാറാം വാർഡിൽ സദനം സ്‌കൂളിനു സമീപം നീലംഞ്ചിറയിലാണ് കുടുംബം താമസിക്കുന്നത്.
കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ജോയിമാളിലെ ജുവലറിയിലെ ഒരാൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് കുഴിമറ്റത്തെ ഒരു കുടുംബത്തിലെ ഏഴു പേർക്കു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭാരത് ആശുപത്രിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടം കാട്ടുന്നത്. ഭാരത് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ ഏതാണ്ട് നാനൂറിലേറെ രോഗികളെ പരിശോധിച്ചിട്ടുണ്ട്.
ഡോക്ടറിൽ നിന്നും സമ്പർക്ക സാധ്യത നിലനിൽക്കെ ഡോക്ടറുടെ സമ്പർക്കപ്പട്ടികയും, റൂട്ട്മാപ്പും പുറത്തു വിടാതെ ആശുപത്രി അധികൃതർക്കായി ജില്ലാ ഭരണകൂടം ഒത്തുകളിക്കുകയാണ്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രോഗം പടരാനുള്ള സാധ്യത വർദ്ധിക്കുന്നതിനുള്ള നിലപാടാണ് ഇപ്പോൾ അധികൃതർ സ്വീകരിക്കുന്നത്. കൊവിഡിനെ ഇത്ര ലാഘവത്തോടെയാണ് സമീപിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.