
പമ്പ പരിസരത്ത് വീണ്ടും പുലി ഇറങ്ങി; സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വഴി വിളക്കുകള്‍ കത്തിക്കാതെ ദേവസ്വം ബോര്‍ഡ്; പമ്പയില്‍ കാട്ടാനശല്യവും രൂക്ഷം
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല നട അടച്ചതിനെ പിന്നാലെ പമ്പയിലും പരിസര പ്രദേശത്തും പുലി ഇറങ്ങി.
കഴിഞ്ഞ ദിവസം പമ്പയിലെ ഗാഡ് റൂമിന്റെ മുന്നില്‍ വന്ന് കിടന്ന പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗണപതി കോവിലിന്റെ ഭാഗത്ത് ഉണ്ടായിരുന്ന ആറ് നായ്ക്കളെ പുലി പിടിച്ചു. അതിനാല്‍ തന്നെ സന്ധ്യ കഴിഞ്ഞാല്‍ ഇവിടെയുള്ള ജീവനക്കാര്‍ക്കും പൊലീസിനും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
നട അടച്ച ശേഷം പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വഴിവിളക്കുകള്‍ ഒന്നും കത്തിക്കുന്നില്ല.
ഗണപതികോവില്‍, പമ്പാ മണല്‍പ്പുറം, ത്രിവേണി പെട്രോള്‍ പമ്പ്, പൊലീസ് സ്റ്റേഷന്‍, മരാമത്ത് ഓഫീസ് എന്നിവിടങ്ങളിലെ വഴിവിളക്കുകള്‍ കത്തിക്കാത്തതിനാല്‍ അവിടെയുള്ള ജീവനക്കാര്‍ വെെകിട്ട് 5.30ന് ശേഷം പുറത്തിറങ്ങാറില്ല.
സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ വഴി വിളക്കുകള്‍ കത്തിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് കെഎസ്ഇബിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പുലി ഇറങ്ങിയ പ്രത്യേക സാഹചര്യത്തില്‍ അത്യാവശ്യ സ്ഥലങ്ങളിലെ വഴിവിളക്കുകളെങ്കിലും കത്തിക്കണമെന്ന് ആവശ്യപ്പെട്ട് പമ്പ പൊലീസ് ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും സന്ദേശം നല്‍കി.
തീര്‍ത്ഥാടനം കഴിഞ്ഞ ശേഷം പമ്പയില്‍ കാട്ടാനശല്യവും രൂക്ഷമാണ്.