പള്ളിക്കത്തോട്ടിലെ കള്ള തോക്ക് നിർമ്മാണം: സംസ്ഥാനത്തെമ്പാടും തോക്കു നിർമ്മിച്ചു നൽകിയത് അദ്ധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം; തോക്ക് നിർമ്മാതാക്കളെ രക്ഷിക്കാൻ ബിജെപി ഉന്നത നേതാവ് ഇടപെട്ടതായി ആരോപണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: പള്ളിക്കത്തോട്ടിൽ തോക്ക് നിർമ്മിച്ച് സംസ്ഥാനത്തെമ്പാടും വിതരണം ചെയ്തതിനു പിന്നിൽ പള്ളിക്കത്തോട് അരവിന്ദാ വിദ്യാലയത്തിലെ അദ്ധ്യാപകനും, മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ബിജെപി – ആർ.എസ്.എസ് നേതാവിന്റെ നേതൃത്വത്തിലെന്നു വിവരം. രണ്ടു ദിവസം മുൻപ് പിടിയിലായ പ്രതികളെ രക്ഷിക്കാൻ ബിജെപിയുടെ ജില്ലയിലെ ഉന്നത നേതാവ് ഇടപെട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും നൂറ് കണക്കിന് തോക്കുകൾ കേരളമെമ്പാടും വിതരണം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ബി.ജെ.പി നേതാവ് മുക്കാളി കദളിമറ്റം വീട്ടിൽ കെ.എൻ വിജയനെയും, ചെങ്ങന്നൂർ മാന്നാർ സ്വദേശിയായ ലിജോയെയുമാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനു സമീപം ആല നടത്തുന്ന തട്ടാമ്പറമ്പിൽ മനേഷ് കുമാർ (43), സഹോദരൻ രാജൻ (50), ആനിക്കാട് കൊമ്പിലാക്കൽ ബിനീഷ് കുമാർ (34), ളാക്കാട്ടൂർ വട്ടോലിൽ രതീഷ് ചന്ദ്രൻ (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
വിജയനാണ് തോക്ക് നിർമ്മാണ സംഘത്തിന് വേണ്ട രാഷ്ട്രീയ സഹായങ്ങൾ നൽകിയിരുന്നതെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു വിജയന്റെ നേതൃത്വത്തിൽ തോക്കുകൾ വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ബിജെപിയ്ക്കും ആർഎസ്എസ് പ്രവർത്തകർക്കും ഇയാൾ തോക്കുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനിടെ ബിജെപിയുടെ മുതിർന്ന ജില്ലാ നേതാവ് തന്നെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടതായും ആരോപണം ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിക്കത്തോടിനടുത്ത് പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആർഎസ്എസ് ബിജെപി ജില്ലാ നേതാവുമായ കോട്ടയം മുക്കാലി കദളിമറ്റം കെ എൻ വിജയനാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്. ഇയാൾ ആർഎസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുൻ അധ്യാപകനും നിലവിലെ ബോർഡ് സെക്രട്ടറിയുമാണ്.
അറസ്റ്റിലായവരിൽ നിന്നും റിവോൾവറുകൾ, തോക്ക് നിർമിക്കാനാവശ്യമായ സാമഗ്രികൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ നിന്നാണ് ആയുധകൾ കണ്ടെത്തിയത്. അറസ്റ്റിലായവർക്ക് തോക്ക് നിർമാണവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവമാണിത്. അന്തർസംസ്ഥാനബന്ധം സംശയിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തെ സംബന്ധിച്ച് ബിജെപി നേതൃത്വം സ്വീകരിക്കുന്ന മൗനം സംശയകരമാണ്.
അറസ്‌ററിലായ ബിജെപി നേതാവിന് പ്രധാനപ്പെട്ട ചില സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധം കൂടുതൽ ദുരൂഹതകൾ സൃഷ്ടിക്കുന്നു. സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.