play-sharp-fill
കൊറോണയിൽ പേടി ഒഴിഞ്ഞ് തുടങ്ങി: ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കൊറോണയിൽ പേടി ഒഴിഞ്ഞ് തുടങ്ങി: ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.


ഇതുവരെ ജില്ലയില്‍നിന്ന് പരിശോധനയ്ക്കയച്ച 54 സാമ്പിളുകളില്‍ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കാതെ തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രികളില്‍ നീരീക്ഷണത്തില്‍ 13 പേര്‍

വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി മൂന്നു പേരെക്കൂടി ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. ഇറ്റിലിയില്‍നിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും കുവൈറ്റില്‍നിന്നെത്തിയ മധ്യവയസ്കയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 13 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ഹോം ക്വാറന്‍റയിനില്‍ 310 പേര്‍

ഇന്നലെ 142 പേര്‍ക്കു കൂടി വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതോടെ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 310 ആയി. ഇങ്ങനെ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്.

രോഗബാധിതരുമായി സമ്പര്‍ക്കം;
74 പേരെ കണ്ടെത്തി

രോഗം സ്ഥീരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 74 പേരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 42 പേര്‍ എറണാകുളം ജില്ലയില്‍ രോഗം സ്ഥീരീകരിച്ചവര്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരാണ്. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരായി(സെക്കന്‍ഡറി കോണ്‍ടാക്ട്സ്) 309 പേരെയാണ് ഇതുവരെ ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്.

രോഗബാധിതരുടെ യാത്രാ വിവരം ലഭിച്ചു

രോഗം സ്ഥിരീകരിച്ചവര്‍ ജില്ലയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും യാത്ര ചെയ്ത വഴികളും കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടുന്ന ചാര്‍ട്ട് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കും. ഇവര്‍ എത്തിയ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ കൊറോണ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പൊതു സമ്പര്‍ക്കമില്ലാതെ വീടുകളില്‍ കഴിയുകയും വേണം. രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇവരില്‍നിന്നും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കും.

ജനങ്ങള്‍ ഒത്തുചേരുന്ന ചടങ്ങുകള്‍
ഒഴിവാക്കാമെന്ന് മതനേതാക്കള്‍

ജനങ്ങള്‍ ഒത്തു ചേരുന്ന പരിപാടികളും കര്‍മ്മങ്ങളും മാര്‍ച്ച് 31 വരെ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ മതനേതാക്കള്‍ സന്നദ്ധത അറിയിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും മാനസികവും സാമൂഹികവുമായ പിന്തുണയും സഹായങ്ങളും ലഭ്യമാക്കുന്നതിന് കളക്ടര്‍ മതനേതാക്കളുടെ സഹകരണം തേടി. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മന്‍, മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.