കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഗമത്തിനൊരുക്കമായി 100 ദിനങ്ങളില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരിക്കും. രണ്ട് ലക്ഷം മണിക്കൂറാണ് ഇടവകയൊന്നാകെ പ്രാര്‍ത്ഥിക്കുന്നത്. എല്ലാരാത്രിയും ഏഴിനും എട്ടിനുമിടയില്‍ കുറഞ്ഞത് അരമണിക്കൂര്‍ പ്രാര്‍ത്ഥന ഇടവകയിലെ 3104 വീടുകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും നടക്കും. 100 ദിനത്തിനുള്ളില്‍ നാലുലക്ഷം ജപമാലകള്‍ ചൊല്ലാനാണ് തീരുമാനം. സംഗമത്തിന്റെ വിജയത്തിനായി അഞ്ച് മിനിറ്റ് നീളുന്ന പ്രാര്‍ത്ഥന ഓരോ കുടുംബവും 100 ദിവസങ്ങളിലും ചൊല്ലും. ഇത്തരത്തില്‍ 25,000 മണിക്കൂര്‍ പ്രാര്‍ത്ഥന നടത്തും. അഖണ്ഡബൈബിള്‍ പാരായണമടക്കമുള്ള തീരുമാനങ്ങളും നടപ്പാക്കും.
സംഗമത്തിന്റെ സ്മാരകമായുള്ള അഷ്ടഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഭൂരഹിതര്‍ക്കായി സ്ഥലവും വീടും സമ്മാനിക്കുന്നതാണ് പദ്ധതി.
സീറോ മലബാര്‍, സീറോ മലങ്കര, മാര്‍ത്തോമ്മാ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, ശൂറായ, അസീറിയന്‍ സഭാ തലവന്മാരടക്കം ഒരോ വേദിയില്‍ എത്തുന്നുവെന്നത് വിശ്വാസസമൂഹത്തിന് വലിയ ആവേശമാണ് സമ്മാനിച്ചിട്ടുള്ളത്.
സംഗമത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മരിയന്‍ സിമ്പോസിയം ഒരുക്കിയിട്ടുണ്ട്. സംഗമത്തിന് മുന്നോടിയായി ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വെന്‍ഷനും നടക്കും. സംഗമത്തെതുടര്‍ന്ന് എട്ടുനോമ്പേിലേക്ക് പ്രവേശിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിനോടകം പതിനായിരത്തോളം പേര്‍ സംഗമത്തില്‍ രജിസ്ട്രര്‍ ചെയ്തതായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ ആഗസ്റ്റ് ഒന്നിന് പൂര്‍ത്തീകരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാനാണ് തീരുമാനമെന്ന് കൈക്കാരന്മാരായ ജോണ്‍ സിറിയക് കരികുളം, സുനില്‍ ഒഴുക്കനാക്കുഴി, സിജോ മുക്കത്ത്, സംഗമം ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. ടി.ടി മൈക്കിള്‍ എന്നിവര്‍ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗമത്തിന്റെ വിജയത്തിനായി ഇടവകയില്‍ നിന്നുള്ള പ്രത്യേക സംഘം ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് കുറ്റിക്കാട്ട്, അസി.വികാരിമാരായ ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിശുദ്ധ നാട്ടിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
സംഗമത്തിന്റെ മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ ആരംഭിച്ചു. കൗണ്ട് ഡൗണിന്റെ ഭാഗമായി വലിയപള്ളിമുറ്റത്ത് ഇടവകയുടെ പാരമ്പര്യവും സംഗമത്തിന്റെ പ്രസക്തിയും വ്യക്തമാക്കുന്ന പ്ലോട്ട് സ്ഥാപിച്ചു. ഇതിന്റെ ആശീര്‍വാദം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ നിര്‍വഹിച്ചു. സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍, സെപ്ഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.
കൗണ്ട് ഡൗണിന്റെ ഭാഗമായി ഇടവകാംഗങ്ങളടക്കം ഒരുമിച്ച് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി നൂറാം ദിനമെന്ന ചിത്രം ക്രമീകരിച്ചത് സമ്പര്‍ക്കമാധ്യമലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. പള്ളിയോഗാംഗങ്ങളുടേയും കുടൂംബകൂട്ടായ്മ ഭാരവാഹികളുടേയും പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.