പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേയ്ക്ക് സർക്കാർ: അറസ്റ്റ് പാലാ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം; ലക്ഷ്യം യുഡിഎഫിനെ പ്രതിരോധത്തിലാക്കൽ

പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലേയ്ക്ക് സർക്കാർ: അറസ്റ്റ് പാലാ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം; ലക്ഷ്യം യുഡിഎഫിനെ പ്രതിരോധത്തിലാക്കൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തേക്കും. പരസ്യപ്രചാരണം അവസാനിക്കുന്ന 21 നോ, നിശബ്ദ പ്രചാരണം നടക്കുന്ന 22 നു രാവിലെയോ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്റെ കയ്യിൽ കൈവിലങ്ങ് വയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിലൂടെ പ്രതിരോധത്തിലാകുന്ന യുഡിഎഫിന് വിശദീകരണത്തിനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാലായിൽ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വേദിയിൽ പോലും പാലാരിവട്ടം പാലമെന്നോ, ഇബ്രാഹിം കു്‌ഞ്ഞെന്നോ പരാമർശിച്ചില്ല. ഇത് മനപൂർവമാണെന്നാണ് സൂചന. പാർട്ടി പ്രവർത്തകരും മറ്റു നേതാക്കളും പാലാരിവട്ടം പാലം അഴിമതിയെപ്പറ്റിയും, ഇബ്രഹിം കു്ഞ്ഞിനെപ്പറ്റിയും പരാമർശിക്കുകയും, മുഖ്യമന്ത്രി മൗനം പാലിക്കുകയും ചെയ്യുമ്പോൾ രാഷ്ട്രീയമായുള്ള മുതലെടുപ്പാണ് അറസ്റ്റ് എന്ന യുഡിഎഫ് ആരോപണത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ തന്ത്രം.
എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ ടി.ഒ.സൂരജിന്റെ വെളിപ്പെടുത്തലാണ് ഇബ്രാംഹിം കുഞ്ഞിനെ വെട്ടിലാക്കിയത്. അറസ്റ്റുണ്ടായേക്കുമെന്ന കണക്കുകൂട്ടലിൽ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ കഴിയുകയാണ്. മുൻ മന്ത്രിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എന്താണ് വേണ്ടതെന്ന കാര്യത്തിൽ യുഡിഎഫും ചില മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.
അറസ്റ്റുണ്ടായാൽ അത് അമിത്ഷാ മോഡലിലുള്ള പകപോക്കലാണെന്നായിരിക്കും യുഡിഎഫിന്റെ വ്യാഖ്യാനം. ഇതുയർത്തി പ്രക്ഷോഭത്തിനും മുന്നണി മുതിർന്നേക്കും. കേന്ദ്രത്തിൽ, പി.ചിദംബരം, ഡി.കെ.ശിവകുമാർ അടക്കമുള്ള നേതാക്കളെ പൂട്ടാൻ അമിത്ഷാ പ്രയോഗിച്ച തന്ത്രം അവർക്കെതിരെയുള്ള കേസുകളിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തുക എന്നതാണ്. ഇതേ തന്ത്രമാണ് ഇപ്പോൾ പിണറായി സർക്കാരും പയറ്റുന്നതെന്നാണ് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.
നിയമസഭാ വളപ്പിൽ നിന്നോ എംഎൽഎ. ഹോസ്റ്റലിൽനിന്നോ എംഎൽഎാെരുടെ അറസ്റ്റിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണം. എന്നാൽ, ആരും ഇതുവരെ അനുമതി തേടിയിട്ടില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ രണ്ടിടത്തുനിന്നുമല്ലാതെ എംഎൽഎ.മാരുടെ അറസ്റ്റിന് അനുമതി ആവശ്യമില്ല. അറസ്റ്റിനുശേഷം സ്പീക്കറെ വിവരം അറിയിച്ചാൽ മതി.
കേസിൽ നാലാം പ്രതിയും മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി.ഒ സൂരജിന്റെ നിർണായക വെളിപ്പെടുത്തലാണ് പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിന് മേൽനോട്ട ചുമതലയുണ്ടായിരുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയുടെ മുൻ ചെയർമാൻ കൂടിയായിരുന്ന മുന്മന്ത്രിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫ്ളൈ ഓവർ നിർമ്മിച്ച സ്വകാര്യ കമ്പനിക്ക് മുൻകൂറായി 8.25 കോടി രൂപ നൽകാൻ അനുമതി നൽകിയത് ഇബ്രാഹിം കുഞ്ഞാണെന്നാണ് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിൽ നിർണായക വഴിത്തിരിവായ വെളിപ്പെടുത്തൽ കൂടിയായതിനാൽ വിജിലൻസിന്റെ അന്വേഷണം ഇപ്പോൾ ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിക്കുകയാണ്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ ചൂണ്ടിക്കാട്ടി പിന്നീടത്തേക്ക് മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ വേഗത്തിലാക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്.
പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നുമാണ് ഇബ്രാഹിം കുഞ്ഞ് ആവർത്തിക്കുന്നത്. സർക്കാർ നയം അനുസരിച്ചിട്ടുള്ള ഫയൽ മാത്രമേ താൻ കണ്ടിട്ടുള്ളൂ. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ല. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് ജാമ്യഹർജിയിൽ പറഞ്ഞിട്ടുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ സൂരജ് വ്യക്തമാക്കുന്നു. ഒന്നര വർഷം കൊണ്ടാണ് പാലാരിവട്ടം പാലം അപകടാവസ്ഥയിലായത്. പാലം അഴിമതിയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. അഴിമതിയിൽ രാഷ്ട്രീയ ബന്ധം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് വിജിലൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു.
പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പാലായിലെ പൊതുയോഗത്തിൽ വ്യക്തമാക്കി. അഴിമതി ആരുകാണിച്ചാലും സംരക്ഷിക്കില്ല. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതു പോരാ. അഴിമതി ഒട്ടുമില്ലാത്ത സംസ്ഥാനമായി കേരളം മാറണമെന്നും പാലാ തിരഞ്ഞെടുപ്പ് യോഗത്തിൽ പിണറായി വിജൻ പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അറസ്റ്റുണ്ടാകുമെന്നാണ് യുഡിഎഫ് സംശയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന് പിന്തുണയുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. അഴിമതിക്കേസിൽ നിരപരാധിത്വം തെളിയിക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞിന് യു.ഡി.എഫ്. എല്ലാ പിന്തുണയും നൽകും. ഇബ്രാഹിംകുഞ്ഞിന്റെ ഭാഗത്ത് രേഖാപരമായി തെറ്റുണ്ടായിട്ടില്ലെന്നു പാർട്ടിയുടെ പരിശോധനയിൽ വ്യക്തമായതാണ്. ടി.ഒ. സൂരജിന്റേത് ആരോപണമല്ലേ, ആരോപണം ആർക്കും ഉന്നയിക്കാം. അതൊന്നും വസ്തുതയല്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.