പാലക്കാട് ദുരഭിമാനക്കൊല: അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ അമ്മാവനും ഭാര്യാപിതാവും അറസ്റ്റില്‍

പാലക്കാട് ദുരഭിമാനക്കൊല: അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ അമ്മാവനും ഭാര്യാപിതാവും അറസ്റ്റില്‍

സ്വന്തം ലേഖകന്‍

പാലക്കാട്: ദുരഭിമാന കൊലയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യാപിതാവും അറസ്റ്റില്‍. മാനാംകുളമ്പ് സ്‌കൂളിന് സമീപം കൊല്ലപ്പെട്ട 27 വയസ്സുകാരന്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. ഹരിതയുടെ അമ്മാവന്‍ സുരേഷിനെ പോലീസ് ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ക്രിസ്തുമസ് ദിനമായ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് മാനാംകുളമ്പ് എന്ന സ്ഥലത്ത് വെച്ച് അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് വെട്ടി കൊന്നത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. വാഹനത്തില്‍ പിന്തുടര്‍ന്ന പ്രതികള്‍ വാളെടുത്ത് വെട്ടുന്നത് കണ്ടു എന്ന് അനീഷിന്റെ സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റ അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കുഴല്‍മന്ദം ഏനമന്ദം സ്വദേശി അനീഷിനെ ഭാര്യാ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായിരുന്നു അനീഷിേെന്റത്. ഹരിതയും അനീഷും രണ്ട് സമുദായത്തില്‍പ്പെട്ടവര്‍ ആയിരുന്നു. ഈ കാരണങ്ങളാണ് കൊലപാതകത്തിന് വഴിവച്ചതെന്ന് അനീഷിന്റെ സഹോദരന്‍ അരുണും അച്ഛന്‍ ആറുമുഖനും പോലീസിനോട് പറഞ്ഞു. പെയിന്റിങ്ങ് തൊഴിലാളിയായ അനീഷ്, മൂന്ന് മാസം മുന്‍പാണ് ഹരിതയെ വിളിച്ചിറക്കി കൊണ്ട് വന്ന് രജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇരുവരും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു.

വിവാഹശേഷം ഭാര്യവീട്ടുകാര്‍ നിരന്തരം അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസത്തിലധികം ഇവരെ ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഭുകുമാറും സുരേഷും പരസ്യമായി വെല്ലുവിളിച്ചിരുന്നതായി ഹരിതയുടെയും അനീഷിന്റെയും ബന്ധുക്കള്‍ പറഞ്ഞു.