
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് സംഭവം. നാട്ടുകൽ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കൽ വീട്ടിൽ ഷിഹാബുദ്ദീനെയാണ് നാല് വർഷം കഠിന തടവും ഒപ്പം 25000 രൂപ പിഴയടക്കാനുമാണ് . മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
നാട്ടുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 ലാണ് സംഭവം നടന്നത്. തള്ളച്ചിറ റോഡ് സൈഡിൽ നിന്നിരുന്ന സി പി എം പ്രവർത്തകൻ മലയിൻ കണ്ടത്തിൽ നിഖിലിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സമാന സംഭവത്തിൽ മുൻപ് ഷിഹാബുദ്ദീനെതിരെ നിഖിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലെ വിരോധം മൂലമാണ് വീണ്ടും ഷിഹാബുദ്ധീൻ നിഖിലിനെ വീണ്ടും ആക്രമിച്ചത്. നാട്ടുകൽ എസ്ഐ വി.എസ് മുരളീധരനാണ് അന്വേഷണം പൂർത്തിയാക്കിയത്. അഡീഷണൽ സെഷൻസ് ജഡ്‌ജി ജോമോൻ ജോണാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പി. ജയനാണ് കേസിൽ ഹാജരായത്.