
പാലക്കാട്: ഷൊർണൂരിൽ പിഞ്ചു മക്കളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയംതടത്തിൽ 24 കാരിയായ ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2021 നവംബർ 14നായിരുന്നു സംഭവം.
കിടപ്പുമുറിയിൽ ദിവ്യക്കൊപ്പം ഉറങ്ങിയിരുന്ന ഒന്നും നാലും വയസ് പ്രായമുള്ള രണ്ട് ആൺകുട്ടികളെ ദിവ്യ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ദിവ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഭർത്താവിനോടും ഭർതൃ മാതാവിനോടുമുള്ള വൈരാഗ്യമാണ് കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. കേസിൽ അറസ്റ്റിലായ ദിവ്യയെ 4 വർഷത്തിന് ശേഷമാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.