പറ്റില്ലെങ്കിൽ വീട്ടിൽ പോയിരിക്കൂ…!! പാലാ മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം

Spread the love

സ്വന്തം ലേഖകൻ

പാല: മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം.

സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ തന്നെയാണ് വിമര്‍ശനത്തിനു തുടക്കം കുറിച്ചത്. സ്‌കൂള്‍ തുറന്ന ദിവസങ്ങളില്‍ താലൂക്ക് വികസന സമിതിയോഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാന സ്‌കൂളുകള്‍ക്ക് മുന്‍വശം സേവനം ലഭ്യമാക്കിയിരുന്ന പൊലീസിനെ യോഗം അഭിനന്ദിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുൻപ് സ്‌കൂളുകളോട് അനുബന്ധിച്ചുള്ള റോഡുകളിലെ സീബ്രാ ലൈനുകള്‍ വരയ്ക്കണമെന്ന് പല തവണ താലൂക്ക് സഭകളില്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പൊതുമരാമത്ത് വകുപ്പ് അത് പാലിക്കാത്തതാണ് രൂക്ഷവിമര്‍ശനത്തിനിടയാക്കിയത്. യോഗത്തിൽ പങ്കെടുത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ “കമാന്ന് ” ഒരക്ഷരം പോലും മിണ്ടാതെ തല കുമ്പിട്ടിരുന്നു.

പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും എത്രയും വേഗം പൂര്‍ണമായും നീക്കം ചെയ്യണമെന്നും, പാലാ – കൂത്താട്ടുകുളം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും, പാലാ റിവര്‍വ്യൂ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്രോസ് ബാരിയര്‍ അവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്നും താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.

ഭരണങ്ങാനം മുതല്‍ മേരിഗിരി വരെയും അറവക്കുളം മുതല്‍ തറപ്പേല്‍കടവ് പാലം വരെയുള്ള പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തണം. ജനറല്‍ ആശുപത്രി റോഡ് സ്ഥലം ഏറ്റെടുത്ത് ബി.എം. ബി.സി നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കണം. ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടിത്തുരുത്ത് സംരക്ഷിക്കണം. പാലാ ഗവണ്‍മെന്റ് ആശുപത്രിയിലെ പുതിയ മന്ദിരത്തില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതിയില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ രജനി സുധാകരന്‍, അനുപമ വിശ്വനാഥ്, കെ. സി. ജെയിംസ്, രഞ്ജിത്ത് ജി. മീനാഭവന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.