പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി സ്റ്റേഷൻ മാസ്റ്ററെയും ഗാർഡിനെയും ചീത്ത വിളിച്ചു; കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ചു വീഴ്ത്തി; യുവാക്കള്‍ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ രാത്രിയിലെത്തി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ കടനാട്, എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സോണിച്ചൻ (30), കടനാട് , എലിവാലി ഭാഗത്ത് മുളയ്ക്കൽ വീട്ടിൽ സണ്ണി മകൻ സലു (34), പൂഞ്ഞാർ വടക്കേക്കര, ചേരിപ്പാട് ഭാഗത്ത് വണ്ടംപാറയിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ ലിൻസ് സെബാസ്റ്റ്യൻ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെയും ഗാർഡിനെയും ചീത്ത വിളിക്കുകയും, കയ്യില്‍ കരുതിയിരുന്ന കത്തിവീശി അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും തുടർന്ന് സ്കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ പോലീസ് ഉദ്യോഗസ്ഥനെ വണ്ടി ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയും ചെയ്തു.
പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ. കെ.പി ടോംസണ്‍, എസ്.ഐ സജീവ് കുമാർ, സി.പി.ഓ മാരായ ജോബി മാത്യു, ജോസ് സ്റ്റീഫൻ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.