
പാലാ ഏറ്റുമാനൂർ ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു; കഴിഞ്ഞ ആറ് മാസത്തിനിടെ പാലാ ഏറ്റുമാനൂർ റൂട്ടിലുണ്ടായത് 18 അപകടങ്ങൾ
സ്വന്തം ലേഖകൻ
പാലാ: പാലാ ഏറ്റുമാനൂർ ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കോട്ടയത്തെ മികച്ച റോഡുകളിൽ ഒന്നാണ് പാലാ ഏറ്റുമാനൂർ റോഡ്. ഇന്നലെ രാവിലെ കുമ്മണ്ണൂർതാഴെയുണ്ടായതാണ് ഈ റോഡിലെ ഒടുവിലത്തെ അപകടം. കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌കൻ റോഡിൽ തെറിച്ച് വീണു. ഇയാൾക്ക് പരിക്കുകളില്ല.
ചേർപ്പുങ്കൽ പാലത്തിൽ ഗതാഗതം നിയന്ത്രിച്ചതോടെ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള നിരവധി വാഹനങ്ങൾ കുമ്മണ്ണൂരിൽ നിന്നും ചെമ്പിളാവ് റൂട്ടിൽ തിരിഞ്ഞാണ് പോകുന്നത്. ഇന്നലെ രാവിലെ കോട്ടയം ഭാഗത്തുനിന്ന് മാർ സ്ലീവാ ആശുപത്രിയിലേക്ക് കാറിൽപോയവരാണ് അപകടത്തിൽ പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ കുമ്മണ്ണൂർതാഴെ വെച്ച് ചെമ്പിളാവ് റോഡിലേക്ക് പ്രവേശിക്കാൻ തിരിഞ്ഞപ്പോൾ പാലാ റൂട്ടിൽ നിന്ന് വേഗതയിൽ എത്തിയ ബൈക്ക് കാറിന്റെ മുൻവശത്ത് തട്ടി മറിയുകയായിരുന്നു.
അപകടത്തിൽ ബൈക്കിന് കാര്യമായ നാശനഷ്ടമുണ്ട്. കാറിന്റെ മുൻവശവും തകർന്നു. മഴക്കാലമായതോടെ അപകടങ്ങൾ വർധിക്കുകയാണ്. ഈ റൂട്ടിൽ പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും പരിശോധന കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ പാലാ ഏറ്റുമാനൂർ റൂട്ടിൽ ചെറുതും വലതുമായ 18 അപകടങ്ങളാണ് ഉണ്ടായത്. രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. കിടങ്ങൂർ പൊലീസിന്റെയും പാലാ പോലീസിന്റെയും പരിധികളിൽപ്പെടുന്ന റോഡ് ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.