പാലാ തിരഞ്ഞെടുപ്പിന് തലേന്ന് ഇബ്രഹിം കുഞ്ഞ് അറസ്റ്റിലാകും: ഇബ്രാഹിം കുഞ്ഞിനെതിരെ കരുക്കൾ മുറുക്കി വിജിലൻസ് സംഘം; ടി.ഒ സൂരജിന്റെ മൊഴിയും ഇബ്രഹാം കുഞ്ഞിനെതിരാകുന്നു
സ്വന്തം ലേഖകൻ
കൊച്ചി: പാലാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് അഴിമതിക്കെതിരായ നീക്കത്തിലൂടെ സർക്കാരിനും പാർട്ടിയ്ക്കും നേട്ടമുണ്ടാക്കാനൊരുങ്ങി വിജിലൻസ്. ടി.ഒ സൂരജ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ വാദനങ്ങൾ ഉയർത്തി വി.കെ ഇബ്രാഹിം കുഞ്ഞിനെ അകത്താക്കാനാണ് ഇപ്പോൾ വിജിലൻസ് ഒരുങ്ങുന്നത്.
കരാറുകമ്പനിക്ക് മുൻകൂർ പണം നൽകാൻ അനുമതി നൽകിയത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞായിരുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് മുൻസെക്രട്ടറിയായിരുന്ന ടി.ഒ.സൂരജ് ജാമ്യാപേക്ഷയിൽ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലാണ് സൂരജ് ഇക്കാര്യം അറിയിച്ചത്. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ.സൂരജ് ഹൈക്കോടതിയിൽ അറിയിച്ചതോടെയാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞ് വെട്ടിലായിരക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാൻഡിലാണ് ടി.ഒ.സൂരജ്.
സൂരജ് സമർപ്പിച്ച ജാമ്യ ഹർജിയിലാണ് ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ അഴിമതി ചെയ്തിട്ടില്ലെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വി.കെ.ഇബ്രാഹിംകുഞ്ഞാണെന്നും സൂരജ് ജാമ്യഹർജിയിൽ പറയുന്നു,
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർ.ഡി.എസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ്. എന്നാൽ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്‌റിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ, താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി.ഒ.സൂരജ് വ്യക്തമാക്കുന്നു.
ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ ആരോപണം കൂടിയാകുമ്പോൾ ഇബ്രാഹിംകുഞ്ഞ് കൂടുതൽ വെട്ടിലാവും.