video
play-sharp-fill

ഫ്‌ളാറ്റ് മലിനീകരണമില്ലാതെ പൊളിക്കാൻ കമ്പനികൾ: താല്പര്യം അറിയിച്ച് രംഗത്ത് എത്തിയത് 13 കമ്പനികൾ; ഫ്‌ളാറ്റ് പൊളിക്കാതെ ഇനി നഗരസഭയ്ക്ക് നിലനിൽപ്പില്ല

ഫ്‌ളാറ്റ് മലിനീകരണമില്ലാതെ പൊളിക്കാൻ കമ്പനികൾ: താല്പര്യം അറിയിച്ച് രംഗത്ത് എത്തിയത് 13 കമ്പനികൾ; ഫ്‌ളാറ്റ് പൊളിക്കാതെ ഇനി നഗരസഭയ്ക്ക് നിലനിൽപ്പില്ല

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മരടിലെ ഫ്‌ളാറ്റ് പൊളിക്കാതെ രക്ഷപെടാൻ ശ്രമിക്കുന്ന സർക്കാരിനും മരട് നഗരസഭയ്ക്കും വൻ തിരിച്ചടി. ഫ്‌ളാറ്റ് പൊളിക്കാനുള്ള സാങ്കേതിക വിദ്യ നിലവിലില്ലെന്നും, മാലിന്യ സംസ്‌കരണം അസാധ്യമാണെന്നുമുള്ള മരട് നഗരസഭയുടെ വാദം പൊളിച്ചാണ് ഫ്ളാറ്റുകൾ പൊളിക്കാനായി 13 കമ്പനികൾ രംഗത്തെത്തി. താൽപര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോഴാണ് ഈ കണക്ക് നഗരസഭ പുറത്തുവിട്ടത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്‌ളാറ്റുകൾ പൊളിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നൽകിയത്.
കോടതി ഉത്തരവിന് പിന്നാലെയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യമുള്ള കമ്പനികളിൽനിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കമ്പനികളാണ് അപേക്ഷ സമർപ്പിച്ചത്. ഫ്ളാറ്റുകൾ പൊളിക്കാൻ അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത് 30 കോടി രൂപയാണ്. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കൂടാതെ 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സർക്കാരിനെ അറിയിക്കും. അതിനിടെ നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടീസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.
350-ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപി.മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. മരട് നഗരസഭ ഫ്‌ളാറ്റ് ഉടമകളിൽനിന്ന് നികുതി സ്വീകരിക്കുന്നുണ്ടെന്നും നിയമലംഘനത്തെക്കുറിച്ച് ഉടമകൾക്ക് അറിവില്ലായിരുന്നുവെന്നും കത്തിൽ പറയുന്നു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തിൽ വേണമെന്നും എംപിമാർ കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാനാണ് നഗരസഭാ തീരുമാനം. ചൊവ്വാഴ്ച മൂന്നുമണിക്ക് മുൻപ് പുനരധിവാസം ആവശ്യമുള്ളവർ അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവരെ പുനരധിവസിപ്പിക്കില്ലെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ളാറ്റുകളിൽ നോട്ടീസ് പതിച്ചു. ഉടമകൾ പ്രതിഷേധിക്കുന്നു. ഉടമകൾക്ക് ഒഴിയാനുള്ള സമയ പരിധി കഴിഞ്ഞ ദിവസം അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

നിലവിൽ ഒരു ഫ്ളാറ്റിൽ നിന്നും ഒരാൾപോലും ഒഴിഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ളാറ്റുകളിൽ ഗോൾഡൻ കായലോരം ഫ്ളാറ്റ് ഉടമകൾ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നൽകിയത്. അത് ഒഴിയില്ലെന്നായിരുന്നു മറുപടി. ഫ്ളാറ്റ് വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകൾ നിയമാനുസൃതമായി നിലവിലെ ഉടമകൾക്ക് വിറ്റതാണെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കൾ മരട് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് നിർമ്മാതാക്കൾ നൽകിയത്. പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിർമ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
നഗരസഭ എന്തിനാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് മനസ്സിലാകുന്നില്ലെന്നും മറുപടിക്കത്തിൽ അവർ പറയുന്നുണ്ട്. നിലവിലെ ഉടമസ്ഥരാണ് ഫ്‌ളാറ്റുകൾക്ക് കരമടയ്ക്കുന്നത്. അതിനാൽതന്നെ അവയുടെ ഉടമസ്ഥാവകാശം അവർക്കാണുള്ളതെന്നും ഫ്‌ളാറ്റ് നിർമ്മാതാക്കൾ പറയുന്നു. തീരദേശനിയമം ലംഘിച്ച് നിർമ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group